
മലപ്പുറം: മലപ്പുറം ജില്ലയിൽ റിപ്പർ മോഡൽ കൊലപാതകം തുടർക്കഥയാവുന്നു. ഒരുമാസത്തിനിടെ കൊല്ലപ്പെട്ടത് മൂന്ന് വയോധികർ. കഴിഞ്ഞമാസം 18-നും 20-നുമാണ് കുറ്റിപ്പുറത്തും തവനൂരുമായി ഒറ്റക്ക് താമസിക്കുന്ന സ്ത്രീകൾ മരണപ്പെട്ടത്.
കുറ്റിപ്പുറം നടുവട്ടം വെള്ളറമ്പിൽ തനിച്ച് താമസിക്കുന്ന തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മ (65)യും തവനൂരിൽ കടകശ്ശേരി സ്വദേശി തട്ടോട്ടിൽ ഇയ്യാത്തുട്ടി (60)യുമാണ് മരണപ്പെട്ടത്. ഇതിന്റെ ഭീതി അകലുന്നതിനിടെയാണ് ശനിയാഴ്ച രാമപുരം ബ്ലോക്ക് പടിയിൽ താമസിക്കുന്ന മുട്ടത്തിൽ ആയിശ (72)യെയാണ് വീട്ടിലെ ശുചിമുറിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റക്ക് താമസിക്കുന്നവർക്ക് നേരെ നടക്കുന്ന ആക്രമത്തിൽ നാട്ടുകാരും ഭീതിയിലാണ്.
കുഞ്ഞിപ്പാത്തുയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അയൽവാസിയായ ചീരംകുളങ്ങര മുഹമ്മദ് ശാഫിയെ പിറ്റേന്ന് തന്നെ പോലീസ് പിടികൂടിയിരുന്നു. കടബാധ്യതയുള്ള പ്രതി മദ്യപിക്കുന്നതിനും മറ്റും പണം കണ്ടെത്താനാണ് കൊലനടത്തിയത്. എന്നാൽ ഇയ്യാത്തുട്ടിയെ കൊലപ്പെടുത്തിയ പ്രതിയെ പിടികൂടാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
കേസിലെ പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം അന്വേഷണ സംഘം പുറത്ത് വിട്ടതാണ് കേസിന്റെ ഏക പുരോഗതി. സംഭവദിവസം ഇവരുടെ വീടിന് മുന്നിൽ പൾസർ ബൈക്കിൽ കണ്ടയാളുടെ രേഖാ ചിത്രമാണ് പുറത്ത് വിട്ടത്. പുതിയ പൾസർ ബൈക്കായിരുന്നൂവെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ബൈക്ക് കണ്ടെത്താനുള്ള ശ്രമവും നടന്നിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam