വർഷങ്ങളായി ശോചനീയാവസ്ഥയിൽ മേനിലം- പാപ്പാൻചാണി റോഡ്; പ്രതിഷേധവുമായി നാട്ടുകാർ

By Web TeamFirst Published Nov 3, 2019, 11:58 AM IST
Highlights

മുന്നൂറിന് മുകളിൽ കുടുംബങ്ങളാണ് ഈ മേഖലയിലുള്ളത്. തകർന്ന റോഡിലെ കുഴികളിൽ വീണ് ബൈക്ക് യാത്രികർക്ക് അപകടം പറ്റുന്നത് നിത്യ സംഭവമാണ്. 

തിരുവനന്തപുരം: വോട്ട് ചെയ്തു ജയിപ്പിച്ച ജനപ്രതിനിധികൾ തിരിഞ്ഞു നോക്കാതെ ദുരിതത്തിലായ തിരുവല്ലം
മേനിലം പുഞ്ചകരി നിവാസികൾ പ്രതിഷേധവുമായി രംഗത്ത്. ഏഴു വർഷമായി തകർന്ന് കിടക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ പലകുറി അറിയിച്ചിട്ടും തിരിഞ്ഞു നോക്കാത്ത ജനപ്രതിനിധികൾ അടുത്ത തവണ വോട്ട് അഭ്യർത്ഥിച്ച് വരണ്ട എന്ന നിലപാടിലാണ് നാട്ടുകാർ. മേനിലം മുതൽ  പാപ്പാൻചാണി വരെയുള്ള ആറു കിലോമീറ്റർ റോഡാണ് കഴിഞ്ഞ ഏഴു വർഷമായി ജനപ്രതിനിധികളുടെ അനാസ്ഥയിൽ തകർന്ന് കിടക്കുന്നത്. 

മുന്നൂറിന് മുകളിൽ കുടുംബങ്ങളാണ് ഈ മേഖലയിലുള്ളത്. തകർന്ന റോഡിലെ കുഴികളിൽ വീണ് ബൈക്ക് യാത്രികർക്ക് അപകടം പറ്റുന്നത് നിത്യ സംഭവമാണ്. ഒരു മാസം മുൻപ് ഈ റോഡിലെ കുഴിയിൽ വീണ് ഓട്ടോ റിക്ഷ അപകടത്തിൽപ്പെട്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ഗർഭിണിയായ യുവതിക്ക് പരിക്ക് പറ്റിയിരുന്നുയെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തെ ഒൻപത് സ്കൂളുകളിലേക്കുള്ള വാഹനങ്ങൾ പോകുന്ന വഴിയാണിത്. പലയിടത്തും റോഡിൽ ടാറില്ലാതെ കുഴിഞ്ഞ അവസ്ഥയാണ്. ഇതിനാൽ സ്‌കൂൾ വാഹനങ്ങൾ അപകടത്തിൽപെടാനും സാധ്യതയുണ്ട്. 

റോഡ് അറ്റകുറ്റപ്പണി ചെയ്യണമെന്ന് പ്രദേശത്തെ സൗപർണിക റസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ പല തവണ പുഞ്ചകരി വാർഡ് കൗൺസിലറെ സമീപിച്ചെങ്കിലും റോഡ് നഗരസഭയുടേത് അല്ല പൊതുമരാമത്തു വകുപ്പിന്റെ അധീനതയിലാണെന്ന് അറിയിച്ചു തലയൂരി. തുടർന്ന് വാർഡ് കൗൺസിലറുടെ നിരുത്തരവാദിത്തപരമായ പെരുമാറ്റത്തിൽ സഹികെട്ട് റസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ റോഡ് ആരുടെ അധീനതയിൽ വരുന്നതാണെന്ന് അറിയാൻ നഗരസഭയിൽ വിവരാവകാശം സമർപ്പിച്ചു. റോഡ് നഗരസഭയുടെ പരിധിയിലുള്ളത് ആണെന്ന് അധികൃതർ വിവരവകാശത്തിന് മറുപടി നൽകി. തുടർന്ന് റോഡിന്റെ ശോചനീയ അവസ്ഥ പരിഹരിക്കാൻ നാട്ടുകാർ സ്ഥലം എം.എൽ.എയായ ഒ.രാജഗോപാലിനെ ബന്ധപ്പെട്ടു. ശിവൻകുട്ടി എം.എൽ.എ ആയിരുന്ന കാലഘട്ടത്തിലാണ് അവസനമായി ഈ റോഡ് ടാറിങ് നടത്തിയത്. അതിനാലാണ് നാട്ടുകാർ അപേക്ഷയുമായി നിലവിലെ എം.എൽ.എയെ സമീപിച്ചത്. പിന്നീട് റോഡിന്റെ ശോചനീയ അവസ്ഥ പരിഹരിക്കാൻ 50 ലക്ഷം രൂപ അനുവദിച്ചെന്നും മഴ കഴിഞ്ഞാൽ ഉടനെ അറ്റകുറ്റപണികൾ ആരംഭിക്കുമെന്നും എം.എൽ.എ റസിഡന്റ് അസോസിയേഷൻ അധികൃതരെ അറിയിച്ചതായി പറയുന്നു. 

മഴകഴിഞ്ഞും അറ്റകുറ്റപണികൾ ആരംഭിക്കാതെ വന്നതോടെ നാട്ടുകാർ പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരംകുളം സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയറെ ബന്ധപ്പെട്ടു. തുടർന്നാണ് റോഡിന്റെ നിലവിലെ അവസ്ഥയിൽ അറ്റകുറ്റപണികൾ നടത്തുന്നതിന് 80 ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്നും നിലവിൽ അനുവദിച്ച 50 ലക്ഷം രൂപയ്ക്ക് റോഡ് അറ്റകുറ്റപണികൾ നടത്താൻ കരാർ എടുക്കാൻ ആരും തയ്യാറാകുന്നില്ല എന്നും എഞ്ചിനിയർ നാട്ടുകാരെ അറിയിച്ചത്. ഈ ടെൻഡർ കാലാവധി അവസാനിക്കാറായി എന്നാണ് വിവരം. ഇതിനിടയിൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ നാട്ടുകാർ നൽകിയ പരാതിയിൽ അന്നത്തെ നഗരസഭ മേയർ അടിയന്തിരമായി 30 ലക്ഷം രൂപ അനുവദിച്ചു. 

കന്നുകാലിചാൽ വരെയുള്ള റോഡ് എം.എൽ.എയുടെ 50 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചും ശേഷമുള്ള റോഡ് മേയർ അനുവദിച്ച 30 ലക്ഷം ഉപയോഗിച്ചും അറ്റകുറ്റപണികൾ നടത്താൻ സാങ്കേതികമായ സാധ്യത അന്വേഷിക്കുകയാണ് നാട്ടുകാർ. തകർന്ന റോഡിലൂടെ ബസ് ഓടിക്കാൻ കഴിയില്ല എന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവർമാർ അറിയിച്ചതോടെ ഈ റോഡിലൂടെയുള്ള ബസ് സർവീസും നിലയ്ക്കുന്ന സ്ഥിതിയാണ്. അടുത്തിടെ ഒൻപത് ലോഡ് മണ്ണ് ഇറക്കിയാണ്  നാട്ടുകാർ റോഡിലെ കുഴികൾ അടച്ചത്. തിരഞ്ഞെടുപ്പിന് ശേഷം സ്ഥലം എം.പി പ്രദേശത്ത് വന്നിട്ടില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം.
 

click me!