
തിരുവനന്തപുരം: വാട്ടർ അതോററ്റി റോഡ് കുഴിക്കുന്നത് സംബന്ധിച്ച് മന്ത്രിതലത്തിൽ ചർച്ച നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് നിർമ്മാണത്തിൽ പരാതിയുണ്ടെങ്കിൽ ജനങ്ങൾക്ക് നേരിട്ട് വിളിച്ച് പരാതിയറിയിക്കാൻ സൌകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരത്തെ പൊളിഞ്ഞുകിടക്കുന്ന പഴകുറ്റി -മംഗലപുരം റോഡ് സന്ദർശിച്ച ശേഷമാണ് മന്ത്രിയുടെ പ്രതികരണം.
പഴ കുറ്റി -മംഗലപുരം റോഡ് നവീകരണം 2022 അവസാനത്തോടെ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. ഡ്രെയിനേജ് സംവിധാനത്തോടെയുള്ള റോഡാകും നിർമ്മിക്കുക. നിർമ്മാണ പ്രവർത്തികൾക്ക് 119 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായും മഴ മാറിയാൽ അടുത്ത ദിവസം മുതൽ നിർമ്മാണ പ്രവർത്തികളാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. നേരത്തെ റോഡിന്റെ ശോചനീയാവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി സ്ഥലം സന്ദർശിച്ചത്. എല്ലാ റോഡുകളിലും കരാറുകാരുടെ പേരും പരിപാലന കാലാവധിയും നമ്പറുമുള്ള ബോർഡുകൾ സ്ഥാപിക്കും. മഴക്കാലത്തും റോഡ് പണി നടത്തുന്നതിനെ കുറിച്ചുളള പരിശോധനകൾ നടക്കുകയാണ്. ഇതിനായി മലേഷ്യയിലെ സാങ്കേതിക വിദ്യ ഉൾപ്പെടെ പരിശോധിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
മിന്നൽ പരിശോധനകളുമായി ബന്ധപ്പെട്ടുള്ള വിമർശനങ്ങളോട് പ്രതികരിച്ച റിയാസ്, ട്രോളുകൾ കാണാറില്ലെന്നും നോക്കാൻ സമയമില്ലെന്നും പറഞ്ഞു. മന്ത്രിയെന്ന നിലയിൽ പ്രഖ്യാപനം നടത്തി അകത്തിരിക്കാൻ കഴിയില്ല. പരിശോധനകൾ ജനം അറിയണം. അതിന് ശേഷമുണ്ടാകുന്ന മാറ്റവും ജനങ്ങൾ അറിയണം. ഇനിയും പരിശോധനയുണ്ടാകുമെന്നും പ്രഖ്യാപനങ്ങൾ നടത്തി മന്ത്രി കൈയും കെട്ടിയിരുന്നാൽ മതിയാകില്ലെന്നും റിയാസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam