ചാക്കിൽ കെട്ടി ചിമ്മിനിയിൽ ഒളിപ്പിച്ച കോടികളുടെ സ്വർണ്ണവും പണവും മോഷണം പോയി, കണ്ടെടുത്ത് എടപ്പാളിൽ നിന്ന്

Published : Jun 06, 2022, 04:33 PM ISTUpdated : Jun 06, 2022, 04:44 PM IST
ചാക്കിൽ കെട്ടി ചിമ്മിനിയിൽ ഒളിപ്പിച്ച  കോടികളുടെ സ്വർണ്ണവും പണവും മോഷണം പോയി, കണ്ടെടുത്ത് എടപ്പാളിൽ നിന്ന്

Synopsis

വീട്ടുകാർ തൃശൂരിലേക്ക് സിനിമക്ക് പോയ തക്കം നോക്കി വാതിൽ കുത്തിപൊളിച്ച് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു

മലപ്പുറം: ഗുരുവായൂരിലെ പ്രവാസി സ്വർണവ്യാപാരിയുടെ വീട്ടിൽ നിന്ന് മോഷണം പോയ 2.5 കിലോ സ്വർണ്ണവും 35 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തത് എടപ്പാളിൽ നിന്ന്. പ്രതി ധർമ്മരാജിന്റെ എടപ്പാളിലെ വാടക വീട്ടിൽ നിന്നാണ് ഇന്ന് പൊലീസ് ഇവ കണ്ടെടുത്തത്. അടുക്കളക്ക് മുകളിലെ ചിമ്മിനിക്ക് സമീപം പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ് ബാഗിനുള്ളിലാക്കിയാണ് ഇവ സൂക്ഷിച്ചിരുന്നത്.

ബിസ്‌കറ്റ് രൂപത്തിലുള്ള ഒരു കിലോ സ്വർണ്ണക്കട്ടി, സ്വർണ വ്യാപാരികൾക്ക് വിൽപന നടത്തിയതിൽ നിന്ന് കണ്ടെത്തിയ ഉരുക്കിയ ഒരു കിലോയോളം വരുന്ന സ്വർണ്ണക്കട്ടി, ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്ന് വാങ്ങിയ100 ഗ്രാം തങ്ക കട്ടി, 15 പവന്റെ താലിമാല, രണ്ട് നെക്ക്ലേസുകൾ, മൂന്ന് കമ്മൽ, ഒരു കൈ ചെയിൻ, ഒരു മാല എന്നിവയാണ് കണ്ടെടുത്ത സ്വർണം. 

ഇതൊടൊപ്പം ലഭിച്ച 35 ലക്ഷം രൂപ പ്രതിക്ക് സ്വർണ്ണം വിറ്റ് കിട്ടിയതായിരുന്നു. 500 ന്റെ നോട്ടു കെട്ടുകളായി പ്ലാസ്റ്റിക് ചാക്കിലാണ് സൂക്ഷിച്ചിരുന്നത്. മോഷ്ടിച്ച സ്വർണത്തിൽ ഭൂരിഭാഗവും കണ്ടെടുത്തതായി എ സി പി കെ ജി സുരേഷ്, ഗുരുവായൂർ സി ഐ പി കെ മനോജ് കുമാർ എന്നിവർ പറഞ്ഞു. കണ്ടെടുത്ത സ്വർണ്ണവും പണവും ഇന്ന് കോടതിയിൽ സമർപ്പിക്കും. കഴിഞ്ഞ 12നാണ് തമ്പുരാൻപടി കുരഞ്ഞിയൂർ ബാലന്റെ വീട്ടിൽ നിന്ന് 371 പവനും രണ്ട് ലക്ഷം രൂപയും മോഷണം പോയത്.

വീട്ടുകാർ തൃശൂരിലേക്ക് സിനിമക്ക് പോയ തക്കം നോക്കി വാതിൽ കുത്തിപൊളിച്ച് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. മോഷണത്തിന് ശേഷം കുടുംബവുമൊത്ത് സംസ്ഥാനം വിട്ട പ്രതി ട്രിച്ചി സ്വദേശി ധർമ്മരാജിനെ കഴിഞ്ഞ 29ന് പോലീസ് ചണ്ഡിഗഡ്ഡിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. മോഷണ മുതൽ വിൽക്കാൻ സഹായിച്ച പ്രതിയുടെ സഹോദരൻ ചിന്നൻ, ബന്ധു രാജു എന്നിവരേയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു സഹോദരനെ കൂടി പിടികിട്ടാനുണ്ട്. റിമാൻഡിൽ കഴിയുന്ന പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് സ്വർണവും പണവും കണ്ടെടുത്തത്.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്