
കോഴിക്കോട്: കോഴിക്കോട് അഴകൊടി ക്ഷേത്രത്തിനു സമീപത്തുള്ള തിരുത്തിയാടിലെ ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് പണവും വസ്ത്രങ്ങളും മോഷണം നടത്തിയ ആൾ പിടിയിൽ. ചിക്കമംഗളൂർ ചൗക്കി ഗ്രാമം സ്വദേശി അനിൽകുമാറിനെയാണ് (38) നടക്കാവ് എസ്ഐ കൈലാസ് നാഥിന്റെ നേതൃത്ത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കർണ്ണാടക ചൗക്കി ഗ്രാമത്തിൽ വച്ച് പിടികൂടിയത്.
പതിനഞ്ച് വർഷത്തോളമായി വീട്ടിൽ വരാത്ത അനിൽ മംഗലാപുരത്താണ് താമസിച്ചിരുന്നത്. മാസങ്ങളോളമായി ഇയാളെ കുറിച്ച് അന്വേഷണം നടത്തുകയായിരുന്ന അന്വേഷണ സംഘം മംഗലാപുരത്ത് എത്തിയിരുന്നു. എന്നാൽ പ്രതിയുടെ അമ്മാവന്റെ മരണാനന്തര ചടങ്ങിനായി ഇയാൾ ചൗക്കി ഗ്രാമത്തിലെത്തിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. തുടർന്ന് ചിക്ക്മാഗളൂർ ഭാഗത്ത് ചൗക്കി ഗ്രാമത്തിലേക്ക് പോവുകയും രാത്രി മുഴുവൻ ഇയാളുടെ വീട് വളയുകയും ചെയ്തു.
പുലർച്ചെ വീട്ടിലെത്തിയ ഇയാളെ പിടികൂടുകയും ശേഷം നാക്കാവ് പോലിസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. ഇയാൾക്ക് മംഗലാപുരം, ഷിമോഘ, ഉടുപ്പി, കോഴിക്കോട് ചേവായൂർ , മെഡിക്കൽ കോളേജ് , കുന്ദമംഗലം, നടക്കാവ്, കൊയിലാണ്ടി എന്നിവിടങ്ങളിലായി ഇരുപത്തഞ്ചോളം മോഷണ കേസുകളും നിലവിലുണ്ട്. ലഹരിക്ക് അടിമയായ അനിലിന് മംഗലാപുരത്ത് കഞ്ചാവ് വില്പന നടത്തിയതിന് പൊലീസ് പിടിയിലായി ജാമ്യത്തിലിറങ്ങിയതാണ്. നിരവധി തവണയായി പത്ത് വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.
മംഗലാപുരത്ത് നിന്ന് ട്രെയിനിൽ കോഴിക്കോട് എത്തി റെയിൽവേ സ്റ്റേഷൻ, പാളയം തുടങ്ങിയ സ്ഥലങ്ങളിൽ തങ്ങി രാത്രി സമയങ്ങളിൽ കറങ്ങി നടന്ന് ആൾ താമസമില്ലാത്ത വീടുകൾ കണ്ടെത്തുകയും കനം കൂടിയ അമ്മിക്കൽ പോലുള്ള കല്ലുകൾ ഉപയോഗിച്ച് വാതിലും ജനലും കുത്തി പൊളിച്ച് വീടിന് അകത്ത് കടന്ന് കളവ് നടത്തുന്ന രീതിയാണ് ഇയാൾ തുടർന്നിരുന്നതെന്ന് പോലീസ് പറയുന്നു.
നടക്കാവ് പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ ദിനേഷ് കുമാർ കൂടാതെ പ്രത്യേക അന്വേഷണ സംഘത്തിലെ എഎസ്ഐ മുഹമ്മദ് ഷാഫി എം, എസ് സിപിഒ അഖിലേഷ് കെ സിപിഒ മാരായ ശ്രീജിത്ത് പടിയാത്ത്, ജിനേഷ് ചൂലൂർ എന്നിവർ ചേർന്നാണ് കർണ്ണാടകത്തിൽ വച്ച് അനിൽ കുമാറിനെ പിടികൂടി കോഴിക്കോട് എത്തിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam