Alappuzha Temple Robbery : ആലപ്പുഴ ചിങ്ങോലി കാവിൽ പടിക്കൽ ദേവീക്ഷേത്രത്തിൽ വൻ മോഷണം

Published : Dec 22, 2021, 03:09 AM IST
Alappuzha Temple Robbery : ആലപ്പുഴ ചിങ്ങോലി കാവിൽ പടിക്കൽ ദേവീക്ഷേത്രത്തിൽ വൻ മോഷണം

Synopsis

ദിവസങ്ങളായി സെക്യൂരിറ്റി ജീവനക്കാരൻ അവധിയിൽ ആയതും, ക്ഷേത്രത്തിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടില്ലാത്തതും മോഷണത്തിന് പ്രതികൾക്ക് അനുകൂല ഘടകങ്ങളായി.  

ആലപ്പുഴ: ഹരിപ്പാട് കാർത്തികപ്പള്ളി ചിങ്ങോലി കാവിൽ പടിക്കൽ ദേവീക്ഷേത്രത്തിൽ വൻ മോഷണം. മുക്കാൽ കിലോ ഗ്രാമോളം സ്വർണവും രണ്ടര ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടുവെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെ ക്ഷേത്രത്തിലെ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണ വിവരം ആദ്യം അറിയുന്നത്. ദേവസ്വം കൗണ്ടറിന്റേയും ഓഫീസിന്റേയും വാതിലുകൾ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപെട്ട ഇവർ ഉടൻ തന്നെ ക്ഷേത്രഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. 

കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് ചുറ്റമ്പലത്തിലെ പടിഞ്ഞാറെ നട തുറന്ന് കിടക്കുന്നതും ക്ഷേത്രത്തിനകത്ത് മോഷണം നടന്നതും മനസ്സിലാകുന്നതും. തുടർന്ന് കരീലകുളങ്ങര പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. കായംകുളം ഡിവൈഎസ്പി അലക്സ് ബേബി, കരീലക്കുളങ്ങര എസ്ഐ എ ഷെഫീക്ക് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. 

ഫോറൻസിക് വിദഗ്ധ ബ്രീസി ജേക്കബ്, വിരലടയാള വിദഗ്ധരായ എസ് വിനോദ്കുമാർ, എസ് സന്തോഷ് എന്നിവരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മണം പിടിച്ച നായ പ്രധാന റോഡ് വിട്ട് ഉള്ളിലേക്ക് ഏകദേശം നാല് കിലോമീറ്റർ സഞ്ചരിച്ച് വെമ്പുഴ പള്ളിക്ക് സമീപം വരെ എത്തിയിരുന്നു. പ്രധാന ക്ഷേത്രത്തിന്റെ ഓടിനു മുകളിലൂടെ കയറി അകത്ത് മുകളിൽ സ്ഥാപിച്ചിരുന്ന ഇരുമ്പിന്റെ നെറ്റ് ഇളക്കി ആണ് മോഷ്ടാക്കൾ ചുറ്റമ്പലത്തിൽ ഇറങ്ങിയത്. 

ഇതിനുള്ളിലെ ചെറിയ മുറിയിൽ സൂക്ഷിച്ചിരുന്ന ശ്രീ കോവിലിന്റെ താക്കോൽ കൈക്കലാക്കുകയും ഉള്ളിൽ കയറുകയും ചെയ്തു. വിഗ്രഹത്തിൽ ചാർത്തുന്ന 10 പവനിലേറെ തൂക്കമുള്ള മാലയും ഇതിനുള്ളിൽ തന്നെ സൂക്ഷിച്ചിരുന്ന മേൽശാന്തി മനുവിന്റെ രണ്ടേകാൽ ലക്ഷത്തോളം രൂപയും അപഹരിക്കപ്പെട്ടു. വീടുപണിയെ തുടർന്ന് ബാങ്കിൽ നിന്ന് എടുത്തു സൂക്ഷിച്ചിരുന്ന പണവും, ശമ്പളവും ദക്ഷിണയുമായി ലഭിച്ച പണവുമാണ് നഷ്ടമായത്.  

പഴയ ജീവത പുതുക്കുന്നതിന്റെ ഭാഗമായി ഇരുവശത്തെയും സ്വർണ കുമിളകൾ, വ്യാളീമുഖം, തിരുമുഖം തുടങ്ങിയവ മിനുക്കുന്നതിനായാണ് അഴിച്ചു ദേവസ്വം ഓഫീസിൽ സൂക്ഷിച്ചിരുന്നു. ഇതിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തുകയറി ഇവ കൈക്കലാക്കുകയും വഴിപാട് കൗണ്ടറിന്റെ താഴും തല്ലിത്തുറന്നു. ദേവസ്വം ഓഫീസിൽ നിന്ന് പഴയ ഒരു കാണിക്കവഞ്ചിയും ഓഫീസ് ഉപയോഗത്തിനായി സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണും എടുത്തെങ്കിലും ക്ഷേത്രത്തിനു പിന്നിൽ കാവിനു സമീപം ഉപേക്ഷിച്ചു. 

വഞ്ചി തുറക്കാതെയാണ് മോഷ്ടാക്കൾ മടങ്ങിയത്. ഓഫീസ് മുറിയിൽ ഇരുന്ന വെളളി രൂപങ്ങളും ദേവതകളെ അണയിക്കുന്നതിനായുളള വിലപിടിപ്പില്ലാത്ത ആഭരണങ്ങൾ സ്റ്റേജിനു പിന്നിലായും ഉപേക്ഷിച്ച നിലയിൽ കണ്ടത്തി. ദിവസങ്ങളായി സെക്യൂരിറ്റി ജീവനക്കാരൻ അവധിയിൽ ആയതും, ക്ഷേത്രത്തിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടില്ലാത്തതും മോഷണത്തിന് പ്രതികൾക്ക് അനുകൂല ഘടകങ്ങളായി.

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി