
കോയമ്പത്തൂർ: റോബിൻ ബസിന് വീണ്ടും പൂട്ട്. റോബിൻ ബസ് വീണ്ടും തമിഴ്നാട് ആർടിഒ കസ്റ്റഡിയിലെടുത്തു. തമിഴ്നാട് റോഡ് ടാക്സ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിൽ എത്തിയപ്പോഴാണ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ ഓൾ ഇന്ത്യ പെർമിറ്റുണ്ടെന്ന് ബസുടമ ഗിരീഷ്. നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ഗിരീഷ് പ്രതികരിച്ചു. വധശ്രമ കേസും വിവാദങ്ങളുമായി വാര്‍ത്തകളിലേക്കെത്തിയ റോബിൻ ബസ് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അടൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് ആരംഭിച്ചത്. കഴിഞ്ഞ വർഷം പെര്‍മിറ്റ് ലംഘനത്തിന്‍റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പുമായി നിയമയുദ്ധത്തിലായിരുന്ന റോബിന്‍ ബസിനെ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് ഉടമ പൊലീസിനെ സമീപിച്ചെങ്കിലും മോട്ടോർ വാഹന വകുപ്പ് ബസ് വിട്ടുകൊടുത്തിരുന്നില്ല.
കോടതി നിർദേശം പരിഗണിച്ച ശേഷം മാത്രമാണ് മോട്ടോർ വാഹന വകുപ്പ് ബസ് വിട്ടുകൊടുത്തത്. മോട്ടോർ വാഹനവകുപ്പിന്റെ തുടർച്ചയായ പരിശോധനയ്ക്കും ബസ് പിടിച്ചെടുക്കലിനുമെതിരെ റോബിൻ ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചതും വലിയ ചർച്ചയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം