
ഒറ്റപ്പാലം: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 27 കിലോ കഞ്ചാവ് പിടികൂടി. വിവേക് എക്സ്പ്രസിന്റെ ജനറൽ കോച്ചിലെ ശുചി മുറിയിൽ രണ്ട് ബാഗുകളിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി റെയിൽവേ പോലീസും ആർ.പി.എഫ്. ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും സംയുക്തമായി ട്രെയിനിലും പ്ലാറ്റ്ഫോമുകളിലും പരിശോധന നടത്തുന്നതിനിടെയാണ് ഉടമസ്ഥനില്ലാത്ത നിലയിൽ രണ്ട് ബാഗുകൾ കണ്ടെത്തിയത്. ബാഗുകളുടെ ഉടമയെക്കുറിച്ച് അന്വേഷിച്ചെങ്കിലും ആരും അവകാശപ്പെട്ടില്ല. തുടർന്ന് സാക്ഷികളുടെ സാന്നിധ്യത്തിൽ ബാഗുകൾ പരിശോധിച്ചപ്പോൾ കഞ്ചാവാണെന്ന് കണ്ടെത്തുകയായിരുന്നു.
മറ്റൊരു സംഭവത്തിൽ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ മിന്നൽ പരിശോധനയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. 71 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശികളായ നാലുപേരെ റെയിൽവേ സംരക്ഷണ സേനയും പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എൻ നൗഫലും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശികളായ നുർ ഇസ്ലാം (20), തോജമൽ (36), മന്നൻ മുല്ല (38), മൈനൂൽ ഇസ്ലാം (21) എന്നിവരാണ് പിടിയിലായത്. ആർ.പി.എഫും എക്സൈസ് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഈ സംഘം വലയിലായത്. ട്രെയിൻ മാർഗ്ഗം കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam