വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച പതിനേഴുകാരൻ എസ് ആർ രുദ്രേഷ് ആറുപേർക്ക് പുതുജീവിതം സമ്മാനിച്ച് യാത്രയായി. കരമന, മേലാറന്നൂർ, ചെക്കിട്ടവിളാകത്ത് വീട്ടിൽ ബി സുരേഷ് - പി രമ്യാ ദേവി ദമ്പതികളുടെ മകനും തിരുമല എഎം എച്ച്എസ്എസ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയുമാണ് രുദ്രേഷ്

തിരുവനന്തപുരം: വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച പതിനേഴുകാരൻ എസ് ആർ രുദ്രേഷ് ആറുപേർക്ക് പുതുജീവിതം സമ്മാനിച്ച് യാത്രയായി. കരമന, മേലാറന്നൂർ, ചെക്കിട്ടവിളാകത്ത് വീട്ടിൽ ബി സുരേഷ് - പി രമ്യാ ദേവി ദമ്പതികളുടെ മകനും തിരുമല എഎം എച്ച്എസ്എസ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയുമാണ് രുദ്രേഷ്. ഒക്ടോബർ 26ന് രാത്രി കരമന - കിള്ളിപ്പാലം റോഡിൽ വെച്ചായിരുന്നു അപകടം. സുഹൃത്തിനൊപ്പം ബൈക്കിൽ മേലാറന്നൂർ ഭാഗത്തേക്ക് പോകുമ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രുദ്രേഷിനെയും സുഹൃത്തിനെയും ഉടൻതന്നെ കരമന, കിള്ളിപ്പാലം പിആർഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും നവംബർ രണ്ടിന് വൈകിട്ട് നാല് മണിയോടെ ഡോക്ടർമാർ മസ്തിഷ്കമരണം സ്ഥിരീകരിക്കുകയുമായിരുന്നു. തുടർന്നാണ് കുടുംബാംഗങ്ങൾ അവയവദാനത്തിന് മുന്നോട്ടുവന്നത്. ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളെജിലെ രോഗിക്കും, രണ്ടാമത്തെ വൃക്കയും പാൻക്രിയാസും തിരുവനന്തപുരം കിംസ് ഹെൽത്തിലെ രോഗിക്കുമാണ് (മൾട്ടി ഓർഗൻ) നൽകിയത്.

കരൾ, അബ്ഡോമിനൽ ഫെസിയ & വെസ്സൽസ് എന്നിവ കിംസ് ഹെൽത്തിലെ രോഗികൾക്ക് ലഭ്യമാക്കി. നേത്രപടലങ്ങൾ (കോർണിയ) തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിക്കാണ് കൈമാറിയത്.ഹൃദയവും ദാനം ചെയ്യാൻ കുടുംബം സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നടത്തിയ ട്രാൻസ്‌ഈസോഫേജിയൽ എക്കോകാർഡിയോഗ്രാഫി പരിശോധനയിൽ ഹൃദയം മാറ്റിവെക്കലിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹൃദയം എടുക്കാൻ സാധിച്ചില്ല.

കെ-സോട്ടോ മുഖേനയാണ് അവയവദാനത്തിന്‍റെ ഏകോപനവും പ്രക്രിയകളും പൂർത്തിയാക്കിയത്. തീരാവേദനയ്ക്കിടയിലും അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ച കുടുംബത്തിന്‍റെ മാതൃകാപരമായ തീരുമാനത്തിന് ആരോഗ്യമന്ത്രി കെ മുരളീധരൻ ആദരവ് അറിയിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിക്കുകയും ചെയ്തു. എസ് ആർ വിഘ്‌നേഷ്, എസ് ആർ അനന്തകൃഷ്ണൻ എന്നിവരാണ് സഹോദരങ്ങൾ.