പെരുമ്പാവൂർ കോടതിയിൽ പോക്സോ കേസ് പ്രതി ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി. അറക്കപടി സ്വദേശി അദിനാൻ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോടതിയിൽ ഹാജരാക്കാനായി എത്തിച്ചപ്പോഴായിരുന്നു പ്രതി കൈവിലങ്ങുമായി താഴേക്ക് ചാടിയത്.
പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ അതിജീവിതയെ ആക്രമിച്ച പ്രതി കോടതിയുടെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അറക്കപടി സ്വദേശി അദിനാൻ ആണ് കോടതി കെട്ടിടത്തിൽ നിന്ന് ചാടിയത്. കോടതിയിൽ ഹാജരാക്കാനായി എത്തിച്ചപ്പോഴായിരുന്നു സംഭവം. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. പ്രതി അദിനാനെ കൈവിലങ്ങിലാണ് പെരുമ്പാവൂർ കോടതിയിൽ എത്തിച്ചത്. കോടതി മുറിക്ക് മുന്നിൽ കാത്തുനിൽക്കുന്നതിനിടെ പ്രതി കൈവിലങ്ങുമായി ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ പൊലീസുകാർ ഓടിയെത്തി പ്രതിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്ക് ഗുരുതര പരിക്കില്ലെന്നാണ് വിവരം. ഇയാളെ സ്കാനിങ്ങിന് വിധേയമാക്കി.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് അദിനാൻ. ഓഗസ്റ്റ് മാസം എട്ടാം തീയതിയാണ് പോക്സോ കേസിൽ അദിനാൻ അറസ്റ്റിലായത്. കഴിഞ്ഞ മാസം 18ന് പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. പിന്നീട് അതിജീവിതയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു.

പെൺകുട്ടിയെ വലിച്ചിഴച്ച് വീടിൻ്റെ സിറ്റൗട്ടിൽ കൊണ്ടുവന്ന പ്രതി കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറത്ത് കൊല്ലാൻ ശ്രമം നടത്തുകയായിരുന്നു. പെൺകുട്ടി ഒഴിഞ്ഞുമാറിയതുകൊണ്ടാണ് രക്ഷപ്പെട്ടത്. പെൺകുട്ടിയുടെ ഇരു കൈകൾക്കും പരിക്കേറ്റു. ആക്രമണം കണ്ട് പ്രതിയെ പിടിച്ചുമാറ്റാനായി എത്തിയ തൊട്ടടുത്ത വീട്ടിലെ രണ്ടു യുവാക്കൾക്കും പരിക്കേറ്റിരുന്നു. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ നാട്ടുകാരും പൊലീസും ചേർന്നാണ് പിടികൂടിയത്.






