നിലമ്പൂരിൽ ചരക്ക് ലോറിയിൽ നിന്ന് ഒന്നരക്കോടി രൂപ പിടികൂടി; കടത്ത് അരി ലോഡിന്റെ മറവിൽ

By Web TeamFirst Published Jul 20, 2020, 8:33 AM IST
Highlights

പിടിച്ചെടുത്ത 1.57 കോടി രൂപ കോടതിയിൽ ഹാജരാക്കും. എൻഫോഴ്സ്മെന്റായിരിക്കും തുടർ അന്വേഷണം നടത്തുക.

നിലമ്പൂർ: നാഗ്പൂരിൽ നിന്ന് ചരക്ക് ലോറിയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന ഒന്നര കോടി രൂപ നിലമ്പൂരിൽ ഹൈവേ പൊലീസ് പിടികൂടി. അരി ലോറിയിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. രണ്ട് ലോറികളും പിടിച്ചെടുത്തു.  

എടപ്പാളിൽ നിന്നും അടക്കയുമായി നാഗപ്പൂരിലേക്ക് പോയ ചരക്ക് ലോറി അരിയുമായി മടങ്ങി വരുന്നതിനിടയിൽ നിലമ്പൂർ വടപുറം പാലത്തിന് സമീപം എടപ്പാളിൽ നിന്നും വന്ന മറ്റൊരു ലോറിയിൽ എത്തിയവർക്ക് പണം കൈമാറുന്നതിനിടയിലാണ് പിടിയിലായത്. ജില്ലാ പൊലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എഎസ്പിയുടെ പ്രത്യേക നിർദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.

ലോറി ഡ്രൈവർ, പണം വാങ്ങാനെത്തിയ രണ്ട് പേർ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അടക്ക വിൽപ്പന നടത്തിയ ശേഷം നികുതി ഒഴിവാക്കാൻ അക്കൗണ്ടിൽ ഇടാതെ പണമായി ലോറിയിൽ കൊണ്ടുവരികയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന. പണം നിലമ്പൂർ സി ഐ. കെ എസ് ബിനുവിന് കൈമാറി. പിടിച്ചെടുത്ത 1.57 കോടി രൂപ കോടതിയിൽ ഹാജരാക്കും. എൻഫോഴ്സ്മെന്റായിരിക്കും തുടർ അന്വേഷണം നടത്തുക.

click me!