ആർ എസ് പി വീണ്ടും മക്കൾ രാഷ്ട്രീയത്തിലേക്ക്? ഇരവിപുരം പിടിക്കാൻ പ്രേമചന്ദ്രന്റെ മകനെയിറക്കാൻ നീക്കം

Published : Jan 06, 2026, 05:17 AM IST
premachandran son

Synopsis

ആർഎസ്പിക്കും പ്രേമചന്ദ്രനും ശക്തമായ സ്വാധീനമുള്ള കൊല്ലത്തു തന്നെ കാർത്തിക് മത്സരിച്ചാൽ വിജയസാധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ

കൊല്ലം: ആർ.എസ്.പി യുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്ന ബേബി ജോൺ, ഒന്നല്ല, പല തവണയാണ് മന്ത്രിയായത്. പിതാവിന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിൽ ഇറങ്ങിയ മകൻ ഷിബു ബേബി ജോണും ആർ എസ് പിയിൽ നിന്നും കേരളത്തിന്റെ മന്ത്രിയായി. ഒടുവിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയും. ആർഎസ്പി, കെഎസ്എ പി ആയിരുന്ന കാലത്ത് ആ പ്രസ്ഥാനത്തിന് രൂപം നൽകിയവരിൽ പ്രധാനിയായിരുന്നു ടി കെ ദിവാകരൻ. സാക്ഷാൽ ആർ ശങ്കറിനെ തന്നെ മലർത്തിയടിച്ച് തിരുക്കൊച്ചി നിയമസഭയിൽ അംഗമായും ടി കെ ചരിത്രമെഴുതിയിട്ടുണ്ട്. ഇഎംഎസിന്റെയും അച്യുതമേനോന്റെയും സഭയിൽ മന്ത്രിയായ ടി കെ യുടെ അതേ വഴിതെരഞ്ഞെടുത്ത് മകൻ ബാബു ദിവാകരനും പലതവണ നിയമസഭാംഗമായി. ഒരുതവണ മന്ത്രിയും. അതിനാൽ മക്കൾ രാഷ്ട്രീയം ആർഎസ്പിയ്ക്കൊരു പുതിയ കാര്യമല്ല. മികച്ച പാർലമെന്ററിയനും കൊല്ലം ലോക്സഭാംഗവുമായ എൻ കെ പ്രേമചന്ദ്രന്റെ മകനും ഒടുവിൽ അച്ഛന്റെ വഴിയെ സഞ്ചരിക്കാൻ തുടങ്ങുന്നു എന്നതാണ് ആർഎസ്പിയിൽ നിന്നും ഉയർന്നു കേൾക്കുന്ന പുതിയ വാർത്ത. പ്രേമചന്ദ്രന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പുകൾക്ക് ചുക്കാൻ പിടിച്ചതിൽ പ്രധാനി മകൻ കാർത്തിക് പ്രേമചന്ദ്രൻ ആയിരുന്നു. കാർത്തിക്കിന്റെ രാഷ്ട്രീയ ചാണക്യ തന്ത്രങ്ങൾ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കുകയും ചെയ്തു. ഇത് യുഡിഎഫിലെ പല നേതാക്കന്മാരെയും അത്ഭുതപ്പെടുത്തുകയും ചെയ്തിരുന്നു. മകനെ രാഷ്ട്രീയത്തിലിറക്കിയാൽ ശോഭിക്കുമെന്ന് പല നേതാക്കന്മാരും പ്രേമചന്ദ്രനോട് പറഞ്ഞിരുന്നുവെങ്കിലും മകന്റെ തീരുമാനത്തിന് വിടുകയായിരുന്നു പ്രേമചന്ദ്രൻ.

ആർഎസ്പി യിലെയും യു ഡി എഫിലെയും ചില പ്രമുഖ നേതാക്കന്മാരുടെ സ്നേഹപൂർവ്വമായ സമ്മർദ്ദത്തിന് ഇപ്പോൾ കാർത്തിക് വഴങ്ങുന്നു എന്നാണ് സൂചന. ആർഎസ്പിക്കും പ്രേമചന്ദ്രനും ശക്തമായ സ്വാധീനമുള്ള കൊല്ലത്തു തന്നെ കാർത്തിക് മത്സരിച്ചാൽ വിജയസാധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ. ആർ എസ്പിയുടെ തട്ടകമായ ഇരവിപുരത്ത് മത്സരിപ്പിക്കാനാണ് നീക്കം. എന്നാൽ ഇരവിപുരത്തിന് വേണ്ടി മുസ്ലീംലീഗും അവകാശവാദം ഉയർത്തുന്നുണ്ട്. ലീഗിന്റെ പ്രമുഖ നേതാവായിരുന്ന യൂനുസ് കുഞ്ഞിന്റെ മകനും ജില്ലാ പ്രസിഡണ്ടുമായ നൗഷാദ് യൂനുസ് ആണ് ഇരവിപുരത്തിനായി കരുക്കൾ നീക്കുന്നത്. ഇരവിപുരം മുസ്ലീം ലീഗിന് വിട്ടു നൽകേണ്ടി വന്നാൽ തെക്കൻ കേരളത്തിലെവിടെയെങ്കിലുമാണ് മറ്റൊരു ലക്ഷ്യം. കോൺഗ്രസ് വിട്ടു നൽകിയാൽ അരുവിക്കര, അല്ലെങ്കിൽ വാമനപുരം. ഇത്തരമൊരു ആവശ്യവും മുന്നോട്ടുവയ്ക്കുന്നു. ആർഎസ്പി ഇടതുപക്ഷത്തിനൊപ്പമായിരുന്നപ്പോൾ അരുവിക്കരയിൽ മത്സരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ സീറ്റിൽ ലക്ഷ്യം വയ്ക്കുന്നത്. കൊല്ലം ജില്ലയിലെ ചവറ, കുന്നത്തൂർ, ഇരവിപുരം സീറ്റുകളിലും കണ്ണൂർ ജില്ലയിൽ മട്ടന്നൂർ, തിരുവനന്തപുരത്ത് ആറ്റിങ്ങൽ സീറ്റിലുമാണ് ആർഎസ്പി മത്സരിച്ചത്. ഇതിൽ മട്ടന്നൂർ, ആറ്റിങ്ങൽ സീറ്റുകൾ വേണ്ടെന്ന് ഉഭയകക്ഷി ചർ‌ച്ചയിൽ ആർഎസ്പി അറിയിക്കും. ജയസാധ്യത ഇല്ലാത്ത ഈ രണ്ടു സീറ്റുകൾക്കു പകരം ജയസാധ്യതയുള്ള ഒരു സീറ്റെങ്കിലും മതിയെന്നാണ് ആവശ്യം.

ചവറയിൽ ഷിബു ബേബി ജോൺ തന്നെയാകും ഇത്തവണയും സ്ഥാനാർത്ഥി. കുന്നത്തൂരിൽ ഉല്ലാസ് കോവൂരിനൊപ്പം ആർ വൈ എഫ് ജില്ലാ സെക്രട്ടറി സുബാഷ് എസ് കല്ലടയുടെയും പേര് ഉയരുന്നുണ്ട്. ഷിബു ബേബി ജോണിന്റെ ഏറ്റവും അടുത്ത അനുയായികളിൽ ഒരാൾ കൂടിയാണ് സുബാഷ്. ഇരവിപുരത്ത് കോർപറേഷൻ കൗൺസിലർ ഗോപകുമാറിന്റെ പേര് ഉയർന്നുവെങ്കിലും പതിറ്റാണ്ടുകൾക്ക് ശേഷം ഭരണംപിടിച്ച കോർപ്പറേഷനിൽ ഒരു അഴിച്ചു പണിക്ക് ഇപ്പോൾ വഴിയൊരുക്കേണ്ട എന്നാണ് തീരുമാനം. കാർത്തിക് പ്രേമചന്ദ്രനെ ഇരവിപുരത്ത് മത്സരിപ്പിച്ചാൽ ജയ സാധ്യത കൂടുതലാണെന്നു പാർട്ടി വിലയിരുത്തുന്നു. ആർഎസ്പിയ്ക്കൊരു പുതിയ മുഖം കാർത്തിക്കിലൂടെ കൈ വരുമെന്നും വിലയിരുത്തപ്പെടുന്നു. കൊല്ലത്തെ പ്രമുഖ എൻജിനീയറിങ് കോളേജിലെ അധ്യാപകനാണ് കാർത്തിക് പ്രേമചന്ദ്രൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടുകാർ ഓസ്ട്രേലിയയിൽ, സമീപത്ത് എസ്പി ക്യാംപ് ഓഫീസ്, ലൈറ്റ് ഇടാനായി ഏൽപ്പിച്ച ആൾ വന്നപ്പോൾ കാണുന്നത് സ്വർണ മോഷണം
'ഇനി മാലയിടുന്നില്ല, ശരീരം നോക്കിയാ മതിയല്ലോ', മുഖത്തടിച്ച് കഴുത്തിൽ കത്തിവച്ച് മാല പൊട്ടിച്ച കള്ളനെ അതേ കത്തിവച്ച് വിരട്ടി 77കാരി