മകരവിളക്കിന് 800 ബസുകള്‍, ഭക്തർക്ക് തിക്കും തിരക്കുമില്ലാതെ യാത്ര ചെയ്യാന്‍ സുസജ്ജമെന്ന് കെഎസ്ആർടിസി

Published : Jan 07, 2024, 01:24 PM IST
മകരവിളക്കിന് 800 ബസുകള്‍, ഭക്തർക്ക് തിക്കും തിരക്കുമില്ലാതെ യാത്ര ചെയ്യാന്‍ സുസജ്ജമെന്ന് കെഎസ്ആർടിസി

Synopsis

ജനുവരി 15 നാണ് മകരവിളക്ക്. സുസജ്ജമെന്ന് കെഎസ്ആര്‍ടിസി

പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തിന് 800 കെഎസ്ആര്‍ടിസി ബസുകൾ സർവീസ് നടത്തും. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 

ഭക്തർക്ക് തിക്കും തിരക്കുമില്ലാതെ യാത്ര ചെയ്യാന്‍  നിലയ്ക്കൽ ബസ് സ്റ്റേഷനിൽ നാല് ബാരിക്കേഡുകൾ സ്ഥാപിക്കും. പമ്പയിലും ഇതുപോലെ ബാരിക്കേഡുകൾ സ്ഥാപിക്കും. പമ്പയിൽ നിന്നും ആരംഭിക്കുന്ന ദീർഘദൂര ബസുകളിൽ ആളുകൾ നിറഞ്ഞു കഴിഞ്ഞാൽ പിന്നെ നിലയ്ക്കൽ ബസ് സ്റ്റാന്റിൽ കയറില്ല. ബസിൽ ആളുകള്‍ നിറഞ്ഞിട്ടില്ലെങ്കിൽ നിലയ്ക്കലിൽ കയറും. നിലയ്ക്കലേക്ക് പോകുന്ന ഭക്തജനങ്ങൾ ചെയിൻ സർവീസുകൾ ഉപയോഗപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. 

അറിയിപ്പുകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ വിവിധ ഭാഷകളിൽ ബോർഡുകൾ സ്ഥാപിക്കും. അനൗൺസ്മെന്‍റും ഉണ്ടാകും. കെഎസ്ആടിസി ഡ്രൈവർമാർക്കും ദീർഘദൂര ബസുകളിലെ ഡ്രൈവർമാർക്കും വിശ്രമിക്കുന്നതിനുള്ള സൗകര്യമുണ്ടാകും. ഇലവുങ്കൽ സേഫ് സോൺ, നിലയ്ക്കൽ, പമ്പ കെഎസ്ആർടിസി ബസ് സ്റ്റാന്‍റ് എന്നിവിടങ്ങളിൽ മന്ത്രി സന്ദർശനം നടത്തി. 

എംഎൽഎമാരായ അഡ്വ പ്രമോദ് നാരായൺ, അഡ്വ കെ യു ജനീഷ് കുമാർ, ട്രാൻസ്പോർട്ട് കമീഷണർ എസ് ശ്രീജിത്ത് ഐപിഎസ്, ഡിഐജി തോംസൺ ജോസ്, അസിസ്റ്റന്‍റ് ട്രാൻസ്പോർട്ട് കമീഷണർ പി എസ് പ്രമേജ് ശങ്കർ, കെഎസ്ആർടിസിയെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ ഓപ്പറേഷൻ ജി പി പ്രദീപ് കുമാർ, എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസ് ജി അനിൽ കുമാർ, പമ്പ സ്പെഷ്യൽ ഓഫീസർ സുനിൽകുമാർ, ജില്ലാ കളക്ടർ എ ഷിബു, ജില്ലാ പൊലീസ് മേധാവി വി അജിത്ത്, ശബരിമല എഡിഎം തുടങ്ങിയവർ പങ്കെടുത്തു.

 ജനുവരി 15 നാണ് മകരവിളക്ക്. അന്ന് വെളുപ്പിന് 2.46 ന് മകരസംക്രമ പൂജ നടക്കും. പതിവുപൂജകൾക്കുശേഷം വൈകിട്ട് അഞ്ച് മണിക്കാകും നട തുറക്കുക. തുടർന്ന് തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തി ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കും. ജനുവരി 15, 16, 17, 18, 19 തിയതികളിൽ എഴുന്നുള്ളിപ്പും നടക്കും. 19 ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. ജനുവരി 20 വരെ ഭക്തർക്കു ദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. ജനുവരി 21 ന് രാവിലെ പന്തളരാജാവിനു മാത്രമായിരിക്കും ദർശനം. തുടർന്ന് നട അടയ്ക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും