പുന്നമടയുടെ ആവേശപ്പൂരത്തിലേക്ക് സച്ചിനെത്തി; ആര്‍പ്പുവിളിച്ച് പതിനായിരങ്ങള്‍

By Web TeamFirst Published Aug 31, 2019, 10:56 PM IST
Highlights

പ്രളയത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടമായവര്‍ക്കൊപ്പമാണ് തന്റെ മനസ്സെന്ന് സച്ചിന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

ആലപ്പുഴ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സാന്നിധ്യം വള്ളംകളി പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗിലും 67-ാമത് നെഹ്‌റുട്രോഫിയിലും സംബന്ധിക്കാനെത്തിയ ക്രിക്കറ്റ് ഇതിഹാസത്തെ വള്ളംകളി പ്രേമികള്‍ ആവേശപൂര്‍വമാണ് വരവേറ്റത്. വെള്ളപ്പൊക്കം കാരണം മാറ്റിവെച്ച നെഹ്‌റുട്രോഫി ജലമേളയുടെ കൊഴുപ്പ് കുറയുമെന്ന സംഘാടകരുടെ കണക്കുകൂട്ടലുകള്‍ പോലും തെറ്റിച്ചായിരുന്നു ഇന്ന് പുന്നമടയിലെത്തിച്ചേര്‍ന്ന ജനക്കൂട്ടം.

പതിനായിരങ്ങള്‍ ആര്‍പ്പുവിളികളുമായി രാവിലെ മുതല്‍ തന്നെ പുന്നമടക്കായലിന്റെ ഇരുകരകളിലുമായി ഒത്തുകൂടിയത് ക്രിക്കറ്റ് ഇതിഹാസത്തിന്റെ സാന്നിധ്യം അറിഞ്ഞുകൊണ്ടായിരുന്നു. പോയ വര്‍ഷം സച്ചിന്റെ സാന്നിധ്യം പ്രതീക്ഷിച്ചവര്‍ നിരാശരായി മടങ്ങിയപ്പോള്‍, ഇക്കുറി നേരത്തെ തന്നെയെത്തി ക്രിക്കറ്റ് ഇതിഹാസം വള്ളംകളി പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. വെള്ളിയാഴ്ച രാത്രി തന്നെ പുന്നമടപ്പൂരത്തിന്റെ ഭാഗമാകാനായി ആലപ്പുഴയിലെത്തിയ സച്ചിന്‍ ഓളപ്പരപ്പിലെ ഒളിമ്പിക്‌സ് ശരിക്കും ആസ്വദിച്ചു. തൃശൂര്‍പൂരത്തിലെ ഇലഞ്ഞിത്തറ മേളത്തിന്റെ അകമ്പടിയോടെയാണ് സംഘാടകര്‍ സച്ചിനെ പുന്നമടയിലേക്ക് സ്വീകരിച്ചത്. പുന്നമടക്കായലില്‍ ബോട്ട് യാത്ര നടത്തി ആസ്വാദകര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാനും സച്ചിന്‍ സമയം കണ്ടെത്തി.

പ്രളയത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടമായവര്‍ക്കൊപ്പമാണ് തന്റെ മനസ്സെന്ന് സച്ചിന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. വെല്ലുവിളികളെല്ലാം മറികടക്കേണ്ട സമയമാണിത്. കായിക ഇനങ്ങളോടു കേരളം കാണിക്കുന്ന പിന്തുണ താന്‍  അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. ആസൂത്രണം ചെയ്യുക, പരിശീലനം നടത്തുക, അതു നടപ്പാക്കുക അതാണ് മല്‍സരത്തില്‍ വിജയം ആഗ്രഹിക്കുന്നവരോടു പറയാനുള്ളത്. നെഹ്‌റു ട്രോഫി ജലമേള കൂടുതല്‍ ജലമേളകള്‍ നടത്താന്‍ പ്രചോദനമാകും.ഇങ്ങനെയൊരു പരിപാടി നടത്തുന്ന എല്ലാ സംഘാടകരെയും അഭിനന്ദിക്കുകയാണെന്നും സച്ചിന്‍ പറഞ്ഞു.

നെഹ്‌റുട്രോഫി ജലമേളയുടെ പ്രധാന ആകര്‍ഷണമായ ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം പൂര്‍ണമായും കണ്ട ശേഷം മാത്രമാണ് സച്ചിന്‍ വേദി വിട്ടത്. ചുണ്ടന്‍വള്ളത്തിന്റെ മാതൃക സച്ചിന് സംഘാടക സമിതി ഉപഹാരമായി സമര്‍പ്പിച്ചു. പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് രാജ്യാന്തര ചാനലായ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയ സംപ്രേക്ഷണവുമുണ്ടായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമുള്ള ആയിരക്കണക്കിന് വിനോദസഞ്ചാരികളും നെഹ്‌റുട്രോഫി ജലമേള കാണാനെത്തി.
 

click me!