
ഇടുക്കി: മൂന്നാറിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് ടൗണ്‍ പ്ലാനിങ്ങ് അതോറിറ്റിക്ക് രൂപം നല്‍കിയതായി ദേവികുളം സബ് കളക്ടര്‍ രേണുരാജ്. പദ്ധതിക്ക് ക്യാബിനറ്റിന്‍റെ അംഗീകാരം ലഭിക്കുകയും ചെയ്തു. സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കിയാല്‍ മൂന്നാറിലെ മുക്കാല്‍ ഭാഗം പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും സബ് കളക്ടര്‍ അറിയിച്ചു.
നിലവില്‍ മൂന്നാറിലെ ഭൂമി പ്രശ്‌നങ്ങള്‍, കെട്ടിടങ്ങള്‍ പണിയുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍, ട്രാഫിക്ക് പ്രശ്‌നങ്ങള്‍ എന്നിവ ക്യത്യമായി പരിഹരിക്കാന്‍ കഴിയുന്നില്ല. ഇത്തരം പ്രശ്‌നങ്ങളില്‍ അകപ്പെട്ടവര്‍ക്ക് എവിടെയാണ് പരാതി നല്‍കേണ്ടതെന്നും പരിഹാരം ലഭിക്കേണ്ടതെന്നും അറിയില്ല. കാര്യങ്ങള്‍ മനസ്സിലാക്കി ചെയ്യുന്നതിന് സര്‍ക്കാരിന്റെ ശ്രദ്ധയും മൂന്നാറിലേക്ക് എത്തുന്നില്ല. കാര്യങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ വകുപ്പുകള്‍ക്കും കഴിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്.
ഒരുമാസം മുമ്പ് ഇത്തരം പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നത് സംബന്ധിച്ച് നോട്ട് തയ്യറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചു. പദ്ധതിക്ക് ക്യാബിനറ്റ് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അവര്‍ മൂന്നാര്‍ ബ്യൂട്ടിഫിക്കേഷന്‍ പദ്ധതിയുടെ ഭാഗമായി നടന്ന ആലോചനാ യോഗത്തില്‍ പറഞ്ഞു. പഞ്ചായത്തിന്റെ നേത്യത്വത്തിലായിരിക്കും ടണ്‍ പ്ലാനിങ് അതോറിറ്റി പ്രവര്‍ത്തിക്കുക. വകുപ്പുകളെ കോ-ഓഡിനേറ്റ് ചെയ്ത് പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അതോറിറ്റിക്ക് കഴിയും. ജനോപകരമായ കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും പദ്ധതികള്‍ ക്രമക്കേടില്ലാതെ സമയബന്ധിതമായി നടപ്പിലാക്കുന്നതിനും അതോറിറ്റി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സഹായകരമാകും.