
തിരുവനന്തപുരം: മുപ്പത്തഞ്ച് വര്‍ഷത്തോളം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രാണവായു എത്തിച്ചിരുന്ന 'ഓക്സിജന്‍ അപ്പൂപ്പന്‍' ഓര്‍മ്മയായി. വാർദ്ധക്യത്തിന്റെ അവശതകൾക്കിടയിലും എല്ലാ ദിവസവും മെഡിക്കല്‍ കോളേജില്‍ എത്താന്‍ തൈക്കാട് മേട്ടുക്കട നാരായണവിലാസത്തിൽ സദാനന്ദനെ പ്രേരിപ്പിച്ചിരുന്നത് ആശുപത്രിക്കിടക്കയിൽ ജീവന് വേണ്ടി മല്ലിടുന്ന രോഗികളെക്കുറിച്ചുള്ള ചിന്തകളായിരുന്നു.
എൺപത്തിയെട്ടാം വയസില്‍ സഹപ്രവർത്തകരുടെ മനസിൽ ഒരു പിടി ഓർമകൾ ബാക്കി വച്ചിട്ടാണ് സദാനന്ദൻ യാത്രയാവുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രൊജക്ടർ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന സദാനന്ദന്‍ വിരമിച്ച ശേഷം ആശുപത്രിയില്‍ ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചു നൽകുന്നതിലെ പ്രധാന ചുമതലക്കാരനായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രൊജക്ടർ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന സമയത്ത് അവിടെ വിദ്യാർത്ഥികളായിരുന്നവരില്‍ പലരും ഇന്ന് പ്രശസ്തരായ ഡോക്ടർമാരാണ്.
മൂന്നരപ്പതിറ്റാണ്ടായി അദ്ദേഹം നിത്യവും മെഡിക്കൽ കോളേജിലെത്താറുണ്ട്. വെള്ള മുണ്ടും ഷർട്ടും ധരിച്ച് ആശുപത്രി വളപ്പിൽ പതിവായെത്തുന്ന അദ്ദേഹത്തെ ഒരിക്കലെങ്കിലും കാണാത്തവർ വിരളം. വിവിധ സ്ഥലങ്ങളിൽ നിന്നും തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിക്കുന്ന ഓക്സിജൻ സിലിണ്ടറുകൾ മെഡിക്കൽ കോളേജിലെത്തിക്കുന്നതും അതിന്റെ കയറ്റിറക്ക് ഇടപാടുകൾ നടത്തുന്നതുമെല്ലാം സദാനന്ദന്റെ മേൽനോട്ടത്തിലായിരുന്നു.
ഏറ്റെടുത്ത ദൗത്യം ജീവിതാവസാനം വരെ പരാതിക്ക് അവസരം നല്‍കാതെ പൂർത്തീകരിക്കാൻ കഴിഞ്ഞുവെന്ന ചാരിതാർത്ഥ്യത്തോടെയാണ് അദ്ദേഹം വിടവാങ്ങിയത്. വാർധക്യസഹജമായ അസുഖം മൂലം ചികിത്സയിലായിരുന്ന സദാനന്ദൻ വെള്ളിയാഴ്ചയാണ് മരിച്ചത്. ഭാര്യ: റിട്ട അധ്യാപിക പി കൃഷ്ണമ്മ. മക്കൾ: കെ എസ് മിനി, അനി എസ് ആനന്ദ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam