
മലപ്പുറം: ഇവർ നൽകിയ സ്നേഹസന്ദേശത്തിന് മുന്നിൽ വിധിക്ക് പോലും പിടിച്ചുനിൽക്കാനായില്ല. ശാരീരികമായ വൈകല്യങ്ങളോ കരുത്തോ ഒന്നുമല്ല, മനസാണ് പ്രധാനമെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് മഞ്ചേരി പൂഴിക്കുത്ത് സ്വദേശി സഹദും പെരിന്തൽമണ്ണ സ്വദേശിനി തിരിയാലപ്പെറ്റ ജസീലയും. ഇരുവരുടെയും വിവാഹമായിരുന്നു കഴിഞ്ഞ ദിവസം.
ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടു, രണ്ടാം വയസ്സിൽ പോളിയോ വന്ന് അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടു, വിധി പരീക്ഷണങ്ങൾക്കൊടുവിൽ ചക്രക്കസേരയിലേക്ക് ഒതുങ്ങേണ്ടി വന്നു, ജസീനയ്ക്ക്. ജന്മനാൽ ഉള്ള ശാരീരിക വൈകല്യം സഹദിന്റെ കാലുകൾക്കും ബലം കുറിച്ചു.
ഇവർ പരസ്പരം താങ്ങാവാൻ തീരുമാനിച്ച വിവാഹ സുദിനമായിരുന്നു ശനിയാഴ്ച്ച. ഭിന്നശേഷിക്കാർക്ക് വേണ്ടി മാത്രമായി തിരൂരിൽ ഒരു വർഷം മുമ്പ് നടത്തിയ വിവാഹ അന്വേഷണ സംഗമത്തിന്റെ തുടർച്ചയായിരുന്നു ഇരുവരുടെയും വിവാഹം.
വിധിയുടെ വിളയാട്ടങ്ങളിൽ തളർന്നുപോകുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ജസീലയെ തളർത്താൻ ഇവയ്ക്കൊന്നും സാധ്യമായിരുന്നില്ല. സ്വന്തം അധ്വാനിച്ച് വരുമാനം ലഭിക്കുന്ന കാലത്ത് മാത്രമേ വിവാഹം കഴിക്കൂ എന്നത് ജസീലയുടെ തീരുമാനമായിരുന്നു. അത് തന്നെ നടന്നു. രണ്ടു വർഷം മുമ്പ് പെരിന്തൽമണ്ണയിൽ നിന്നും പുളിക്കൽ എബിലിറ്റി ക്യാമ്പസിൽ നിന്ന് ഫാഷൻ ഡിസൈനിങ് പഠിച്ച്, അവിടെ തന്നെ ഫാഷൻ ഡിസൈനറായി ജോലി നോക്കുകയാണിപ്പോൾ ജസീല.
തന്റെ വൈകല്യങ്ങൾ തിരിച്ചറിയുന്ന ഭിന്നശേഷിയുള്ള ഒരു പെൺകുട്ടിയെ മാത്രമേ വധുവായി സ്വീകരിക്കൂവെന്നായിരുന്നു സഹദിന്റെ ദൃഢനിശ്ചയം. ബിരുദ പഠനത്തിനൊപ്പം എബിലിറ്റിയിലെ കമ്പ്യൂട്ടർ വിഭാഗ പഠനവും നടത്തുകയാണ് സഹദ്.
പെരിന്തൽമണ്ണ തിരിയാലപ്പെറ്റ വീട്ടിൽ പരേതരായ അസൈനുവിന്റെയും നഫീസയുടെയും മകളാണ് ജസീല. സഹദ് മഞ്ചേരി പൂഴികുത്ത് വീട്ടിൽ അബ്ദുള്ളയുടെയും റൈഹാനത്തിന്റെയും മകനാണ്. പുളിക്കൽ എബിലിറ്റി ഫൗണ്ടേഷന്റെയും കോഴിക്കോട് നന്മ കെയർ ഫൗണ്ടേഷന്റെയും നേതൃത്വത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. സമൂഹത്തിലെ നാനാ വിഭാഗത്തിൽ പെട്ടവർ വധു വരൻമാരെ ആശീർവാദിക്കാനെത്തി. ചടങ്ങിനെത്തിയ നാസർ മാനു നവ ദമ്പതിമാർക്ക് താമസിക്കാനായി വീട് വെച്ചു നൽകാമെന്നു വാഗ്ദാനം ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam