
കോഴിക്കോട്: വീട്ടില്‍ അടച്ചിടുന്നതിന്റെയും ഓണ്‍ലൈന്‍ പഠനത്തിന്റെയും മടുപ്പില്‍നിന്ന് ഭിന്നശേഷി കുട്ടികള്‍ക്ക് രക്ഷയൊരുക്കുകയാണ് എസ്.എസ്.കെയുടെ പ്രത്യേക പഠന -പരിശീലന കേന്ദ്രങ്ങള്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ജില്ലയില്‍ 280 സ്പെഷ്യല്‍ കെയര്‍ സെന്ററുകളാണ് എസ്.എസ്.കെ. ആരംഭിച്ചിട്ടുള്ളത്. മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പ് വരുത്താനുള്ള വിവിധ പഠന-പരിശീലന പരിപാടികളാണ് ഈ കേന്ദ്രങ്ങളില്‍ നടന്നുവരുന്നതെന്ന് ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ ഡോ.എ.കെ.അബ്ദുള്‍ ഹക്കീം അറിയിച്ചു.
ഒന്നിച്ചിരിക്കലും കൂട്ടുകൂടലും അത്യന്താപേക്ഷിതമായ വിഭാഗമാണ് ഭിന്നശേഷി കുട്ടികള്‍. പ്രത്യേകമായ സ്വഭാവസവിശേഷതകള്‍ കൊണ്ടും ശാരീരിക മാനസിക പ്രത്യേകതകള്‍ കൊണ്ടും ഓണ്‍ലൈന്‍ പഠനവുമായി സമരസപ്പെട്ട് പോവാന്‍ മറ്റുകുട്ടികളെപ്പോലെ ഇവര്‍ക്ക് സാധിക്കുന്നില്ല. നേരിട്ട് നല്‍കുന്ന പരിശീലനം ഇവരെ സംബന്ധിച്ച് പ്രധാനമാണ്.
ഇത്തരം പരിശീലനങ്ങള്‍ ലഭ്യമാവാത്തത് കാരണം കുട്ടികള്‍ വളരെയധികം മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ട്. ഇവരെ പരിചരിക്കുന്ന രക്ഷിതാക്കളും മാനസിക സമ്മര്‍ദ്ദം അനുഭവിച്ചു വരുന്നു. ഇത് ഇവരുടെ മാനസിക-ശാരീരിക ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന പശ്ചാത്തലത്തില്‍ അനുയോജ്യമായ പിന്തുണാ സംവിധാനങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സമഗ്ര ശിക്ഷാ കേരളം സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ എന്ന പദ്ധതി നടപ്പിലാക്കുന്നത്.
കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള കൗണ്‍സിലിംഗ്, ശാരീരിക മാനസിക ആരോഗ്യം പരിപോഷിപ്പിക്കുന്നതിനാവശ്യമായ കലാകായിക പരിശീലനം, സംഗീത ക്ലാസുകള്‍, പ്രവര്‍ത്തിപരിചയ അധ്യാപകരുടെ നേതൃത്വത്തില്‍ വിവിധ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, കായിക അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികളുടെ ബോഡിമാസ് ഇന്‍ഡക്സ് പരിശോധിച്ച് ഓരോ കുട്ടിക്കും അനുയോജ്യമായ വ്യായാമങ്ങള്‍, ഭക്ഷണരീതി എന്നിവയെ കുറിച്ച് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അവബോധം നല്‍കലും ലഘുവ്യായാമങ്ങള്‍ പരിശീലിപ്പിക്കലും, ഓരോ കുട്ടിയുടെയും കഴിവും പരിമിതിയും വിലയിരുത്തി വ്യക്തിഗത വിദ്യാഭ്യാസ പരിപാടി തയ്യാറാക്കി പഠനപിന്തുണ നല്‍കല്‍ എന്നിവയാണ് പ്രധാനമായും സെന്ററില്‍ നടന്നുവരുന്നത്.
ഭിന്നശേഷി കുട്ടികളുടെ അമ്മമാര്‍ക്കായി പ്രാദേശികമായി ലഭ്യമാകുന്ന വിഭവങ്ങള്‍ പ്രയോജനപ്പെടുത്ത വിപണന സാധ്യതയുള്ളതും ചെലവുകുറഞ്ഞതുമായ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണരീതി പരിശീലിപ്പിക്കുന്നുമുണ്ട്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് സ്പെഷ്യ കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. പ്രാദേശികമായ സാഹചര്യങ്ങള്‍ വിലയിരുത്തി നിശ്ചിത എണ്ണം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരേ സമയം പരിശീലനം നല്‍കുന്നു.
ബിആര്‍സി കളിലെ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരും സ്പെഷലിസ്റ്റ് അധ്യാപകരുമാണ് ഈ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അഞ്ചുമുതല്‍ പത്ത് വരെ കുട്ടികള്‍ക്കാണ് ഒരു സെന്ററില്‍ ഒരേ സമയം പ്രവേശനം. ജില്ലയിലെ അയ്യായിരത്തോളം ഭിന്നശേഷി കുട്ടികള്‍ക്ക് പ്രയോജനകരമാവുംവിധമാണ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിട്ടുള്ളതെന്ന് ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam