40 വര്‍ഷം പഴക്കം, ലക്ഷങ്ങളുടെ മൂല്യം; ചന്ദനമരം മോഷണം പോയി

By Web TeamFirst Published Sep 4, 2021, 7:55 AM IST
Highlights

40 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍ സംരക്ഷിത ചന്ദനമരമാണ് മാടശ്ശേരി വീട്ടില്‍ ജോസഫ് എന്നയാളുടെ ഭൂമിയില്‍ നിന്നും മോഷണം പോയത്. ജനവാസം കുറഞ്ഞ മേഖലയായതിനാല്‍ എപ്പോഴാണ് മുറിച്ചുകടത്തിയതെന്നതിനെകുറിച്ച് കൃത്യമായ സൂചനകളില്ല.
 

കൊച്ചി: എറണാകുളം മൂക്കന്നൂര്‍ ശങ്കരംകുഴിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദനമരം മോഷണം പോയതായി പരാതി. സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ നിന്ന സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള മരമാണ് അജ്ഞാതര്‍ മുറിച്ചുകടത്തിയത്. ഭൂ ഉടമയുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.  

40 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍ സംരക്ഷിത ചന്ദനമരമാണ് മാടശ്ശേരി വീട്ടില്‍ ജോസഫ് എന്നയാളുടെ ഭൂമിയില്‍ നിന്നും മോഷണം പോയത്. ജനവാസം കുറഞ്ഞ മേഖലയായതിനാല്‍ എപ്പോഴാണ് മുറിച്ചുകടത്തിയതെന്നതിനെകുറിച്ച് കൃത്യമായ സൂചനകളില്ല. ഇന്നലെ കൃഷിപണിക്കായി സ്ഥലത്തെത്തിയപ്പോള്‍ മരം മുറിച്ചുമാറ്റിയതായി കണ്ടെന്നാണ്  ഭൂവുടമ ജോസഫ് പൊലീസിനെ അറിയിച്ചത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അപരിചിതനായ ഒരാള്‍ വീട്ടിലെത്തി മരങ്ങള്‍ വില്‍ക്കാനുണ്ടോ എന്ന് തിരക്കിയിരുന്നതായും ജോസഫ് മൊഴി നല്‍കി. 

ജോസഫിന്റെ പരാതിയില്‍ അങ്കമാലി പോലീസ് അന്വേഷണം തുടങ്ങി. ചന്ദനകടത്തില്‍ ഭൂ ഉടമക്ക് പങ്കുണ്ടോയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് വനംവകുപ്പിന് കൈമാറാനാണ് അങ്കമാലി പൊലീസ് ആലോചിക്കുന്നത്. സംഭവത്തെകുറിച്ച് വനംവകുപ്പും അന്വേഷണം തുടങ്ങി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!