
ആലപ്പുഴ: ഒറിജിനലിനെ വെല്ലുന്ന മാതൃകകൾ നിർമിച്ച് ശ്രദ്ധേയനാവുകയാണ് ആലപ്പുഴ പാതിരപ്പള്ളി അവലൂക്കുന്ന് കലുചിറയിൽ സഞ്ജയ് കുമാർ. സഞ്ജയിയുടെ ഒര്‍ജിനാലിറ്റിക്ക് സാക്ഷ്യം പറയും മലപ്പുറം സ്വദേശിയായ അഷറുദ്ദീൻ.
സാമ്പത്തിക ബാധ്യതയെ തുടർന്ന് വിറ്റതാണ് അഷറുദ്ദീന്റെ ഇഷ്‌ട ജീപ്പ്. വിൽക്കും മുമ്പ് ഓർമ നിലനിർത്താൻ വാഹനത്തിന്റെ മിനിയേച്ചർ നിർമിക്കാനാണ് അഷറുദ്ദീൻ സഞ്ജയ്‌യെ സമീപിച്ചത്. ജീവൻ തുടിക്കുന്ന മാതൃക കണ്ടപ്പോൾ എന്തുവിലകൊടുത്തും വിറ്റ വാഹനം തിരികെ വേണമെന്നായി. പ്രവാസി കൂടിയായ അഷറുദ്ദീൻ ഒടുവിൽ തന്റെ ജീപ്പ്, ഇരട്ടി വിലകൊടുത്ത് തിരികെ വാങ്ങി.
സഞ്ജയ്‌യുടെ വീട് മുഴുവൻ ഇത്തരത്തിലുള്ള മാതൃകകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ലൂസിഫർ സിനിമയിൽ ഉപയോഗിച്ച ജീപ്പിന്റെ മാതൃക ലൊക്കേഷനിലെത്തി സഞ്ജയ് മോഹൻലാലിന് സമ്മാനിച്ചിരുന്നു. സ്വന്തം വീടിന്റെ മാതൃകയുണ്ടാക്കിയാണ് തുടക്കം. വാഹനങ്ങളെ സൂഷ്‌മമായി നിരീക്ഷിച്ച് അതേപോലെ നിർമിക്കുന്നതാണ് രീതി. മൊട്ടുസൂചി മുതൽ ഫോർഎക്‌സ് ഷീറ്റുവരെ ഉപയോഗിക്കും.
ഏറ്റവുമൊടുവിൽ നിർമിച്ച ആർഎക്‌സ് 100 ബൈക്കും എഴുപതുകളിൽ സർവീസ് നടത്തിയിരുന്ന ആനവണ്ടിയുടെ ബെൻസ് മോഡലും ആരെയും ഞെട്ടിക്കും. ഇതിനിടെ ടൊവിനോ നായകനായ ചിത്രത്തിന്റെ അണിയറ പ്രവർത്തനത്തിന് വിളിച്ചു. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരസ്യചിത്രത്തിനു പിന്നിലും സഞ്ജയ് ടച്ചുണ്ട്.
എസ്‌കെ മിനിയേച്ചറെന്ന യൂട്യുബ് ചാനൽ പതിനായിരക്കണക്കിനാളുകൾ പിന്തുടരുന്നുണ്ട്. കൈതത്തിൽ ക്ഷേത്രത്തിന്റെയും എസ്‌ഡി കോളേജിന്റെയും മാതൃക നിർമിച്ച് ശ്രദ്ധേയനായി. ഒന്നുമുതൽ രണ്ടുമാസം വരെയെടുത്താണ് ഓരോ മിനിയേച്ചറും പൂർത്തിയാക്കിയത്. സന്തോഷ് -യമുന ദമ്പതികളുടെ മകനാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam