
തിരുവനന്തപുരം: തിരുവനന്തപുരം സ്റ്റാച്യുവിലെ പ്രസിദ്ധമായ ശാന്ത ബേക്കറിക്ക് ഇത് അവസാന ക്രിസ്മസ്. നടത്തിക്കൊണ്ടുപോകാൻ ആളില്ലാത്തതിനാലാണ് 82 വർഷം പഴക്കമുള്ള ബേക്കറിക്ക് താഴിടാനൊരുങ്ങുന്നത്. വര്‍ഷങ്ങളുടെ പാരമ്പര്യവും തലസ്ഥാനത്തിന്‍റെ രുചിപ്പെരുമയും പേറുന്ന ശാന്ത ബേക്കറിക്ക് പറയാന്‍ ഏറെ കഥകളുണ്ട്.
എൺപത്തിരണ്ട് വര്‍ഷങ്ങളായി സ്റ്റാച്യൂ പുളിമൂട്ടിൽ ശാന്ത ബേക്കറിയുണ്ട്. സെക്രട്ടറിയേറ്റിന് തൊട്ടടുത്ത്. ഇഎംഎസ്, എകെജി, വിവി ഗിരി, സത്യന്‍, ശിവാജി ഗണേശന്‍, ജമിനി ഗണേശന്‍. ശാന്ത ബേക്കറിയുടെ രുചിപ്പെരുമയറിഞ്ഞ പ്രമുഖരുടെ ഒരു നിര മാത്രമാണിത്. ഈ ക്രിസ്മസിനു കൂടി മാത്രമേ സ്റ്റാച്യുവിൽ ശാന്ത ബേക്കറിയുണ്ടാകൂ.
സംസ്ഥാനത്ത് ആദ്യ ക്രിസ്മസ് കേക്കുണ്ടാക്കിയ തലശ്ശേരിയിലെ മാമ്പള്ളി റോയൽ ബിസ്കറ്റ് ഫാക്ടറി ഉടമ മാമ്പള്ളി ബാപ്പുവിന്‍റെ തലമുറക്കാരാണ് ശാന്ത ബേക്കറിക്കും പിന്നിൽ. ബ്രാഞ്ചുകള്‍ നടത്തിക്കൊണ്ട് പോകാന്‍ ആളില്ല, ആരോഗ്യപ്രശ്നങ്ങളും അലട്ടുന്നു. അതുകൊണ്ടാണ് സ്റ്റാച്യു ബ്രാഞ്ച് അടക്കാനുള്ള തീരുമാനമെന്നാണ് ബേക്കറി ഉടമ പ്രേംനാഥ് പറയുന്നത്. കവടിയാറിലെ ബ്രാഞ്ച് അഞ്ചുവര്‍ഷം മുന്‍പേ അടച്ചു. സ്റ്റാച്യുവിലെ ബ്രാഞ്ചും പൂട്ടി വഴുതക്കാട് ബ്രാഞ്ച് മാത്രം നിലനിർത്താനാണ് നീക്കം. എന്നാൽ ശാന്ത ബേക്കറിയെക്കുറിച്ച് വാതോരാതെ പറയാൻ ഇങ്ങനെ തലമുറകൾ ഉള്ളിടത്തോളം ശാന്ത ബേക്കറി ചരിത്രത്തിലുണ്ടാവും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam