വലിച്ചെറിയുന്ന കുപ്പികളില്‍ മഹാന്‍മാരുടെയും കലാരൂപങ്ങളുടെയും ചിത്രങ്ങള്‍ വരച്ചെടുത്ത് സനുമോള്‍

By Web TeamFirst Published May 7, 2020, 10:28 PM IST
Highlights

വിവിധ കളറുകളിലെ ഫാബ്രിക് പെയിന്റുകളിലാണ് ചെഗുവേര, പിണറായി വിജയന്‍, വി എസ് അച്യുതാനന്ദന്‍, കഥകളി എന്നീ ചിത്രങ്ങള്‍ കുപ്പികളില്‍ വരച്ച് സനുമോൾ കണ്ണിന് കുളിര്‍മയേകുന്നത്. 

മാന്നാര്‍: വലിച്ചെറിയുന്ന കുപ്പികളില്‍ മഹാന്‍മാരുടെയും കലാരൂപങ്ങളുടെയും ചിത്രങ്ങള്‍ വരച്ചെടുത്ത് ഇരുപതുകാരി. വള്ളക്കാലി വള്ളിക്കണ്ടത്തില്‍ സണ്ണി-കുഞ്ഞുമോള്‍ ദമ്പതികളുടെ മകള്‍ സനുമേള്‍ ആണ് കുപ്പികളില്‍ ചിത്രങ്ങള്‍ വരച്ച് കൗതുക കാഴ്ച ഒരുക്കിയത്.

പ്ലസ് ടൂ പഠനം കഴിഞ്ഞ് കടപ്ര എസ് ബി എം സ്‌കൂള്‍ ഓഫ് ആയുര്‍വേദ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ സനുമോള്‍ ചെറുപ്പം മുതലേ കടലാസുകളില്‍ പെന്‍സിലും വര്‍ണ പേനകള്‍ ഉപയോഗിച്ചും ആരുടെയും സഹായമില്ലാതെ ചിത്രങ്ങള്‍ വരയ്ക്കുമായിരുന്നു. ലോക്ക്ഡൗണില്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത നിലയില്‍ മൊബൈലിലും, ടിവിയിലും ആശ്രയം കണ്ടെത്താതെ, വലിച്ചെറിയുന്ന കുപ്പികള്‍ ശേഖരിച്ച് വീട്ടിലിരുന്ന് ചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങി ഈ കലാകാരി.

വിവിധ കളറുകളിലെ ഫാബ്രിക് പെയിന്റുകളിലാണ് ചെഗുവേര, പിണറായി വിജയന്‍, വി എസ് അച്യുതാനന്ദന്‍, കഥകളി എന്നീ ചിത്രങ്ങള്‍ കുപ്പികളില്‍ വരച്ച് സനുമോൾ കണ്ണിന് കുളിര്‍മയേകുന്നത്. ഒരു കുപ്പിയില്‍ ചിത്രം വരയ്ക്കാന്‍ മൂന്നു മണിക്കൂര്‍ വേണ്ടിവരുമെന്നും വരച്ച ചിത്രങ്ങള്‍ വാങ്ങാന്‍ ആവശ്യക്കാര്‍ ഏറെയാണെന്നും സനുമോള്‍ പറയുന്നു.

click me!