ആദിവാസി കുട്ടികളെത്തേടി വീട്ടിലേക്ക്, ദിവസവും കാടും വീടും കയറി സരസ്വതി ടീച്ചർ

By Web TeamFirst Published Sep 5, 2021, 10:46 AM IST
Highlights

എന്നത്തേയും പോലെ സരസ്വതി ടീച്ചർ ഒൻപതേ മുക്കാലിനു തന്നെ സത്രത്തിലെ സ്ക്കൂളിലെത്തി. പതിവുപോലെ മലന്പണ്ടാര വിഭാഗത്തിൽ പെട്ട ഏഴു കുട്ടികളിലാരും വന്നിട്ടില്ല...

ഇടുക്കി: പഠിക്കാനായി കുട്ടികൾ അധ്യാപകരെ തേടി സ്ക്കൂളിലെത്തുകയാണ് പതിവ്. എന്നാൽ ദിവസവും കുട്ടികളെ വീട്ടിൽ ചെന്ന് കൂട്ടിക്കൊണ്ടു വരുന്ന ഒരു അധ്യാപികയുണ്ട് ഇടുക്കിയിൽ. വണ്ടിപ്പെരിയാർ സത്രത്തിലുള്ള മലന്പണ്ടാര വിഭാഗത്തിൽ പെട്ട ആദിവാസി കുട്ടികളെ പഠിപ്പിക്കുന്ന സരസ്വതി ടീച്ചറാണ് ഇങ്ങനെ കുട്ടികളെ തേടി ദിവസവും കാടും വീടും കയറി ഇറങ്ങുന്നത്.

എന്നത്തേയും പോലെ സരസ്വതി ടീച്ചർ ഒൻപതേ മുക്കാലിനു തന്നെ സത്രത്തിലെ സ്ക്കൂളിലെത്തും. പതിവുപോലെ മലന്പണ്ടാര വിഭാഗത്തിൽ പെട്ട ഏഴു കുട്ടികളിലാരും വന്നിട്ടുണ്ടാകില്ല. കുറച്ചുനേരം കാത്തു നിൽക്കും. പിന്നെ ടീച്ചർ ഇവരെ തേടി കാടിനടുത്തുള്ള ഷെഡുകളിലേക്ക് പേലും. നാലുപേരാണ് ഇവിടെ ഉള്ളത്.

തെള്ളിയും തേനും ശേഖരിക്കാൻ പോകുന്ന ആച്ഛനമ്മമാർക്കൊപ്പം കുട്ടികളും കൊടുംകാട്ടിൽ പോകും. പിന്നെ എപ്പോൾ തിരികെ വരുമെന്ന് ആർക്കും പറയാനാകില്ല. ടീച്ചർ അന്വേഷിച്ച് നടക്കുന്നതൊന്നും ഇവർക്കൊരു പ്രശ്മല്ല.  എന്നാൽ അങ്ങനെ വിടാനൊന്നും തയ്യാറല്ല സരസ്വതി ടീച്ചർ. കുട്ടികളെ ടീച്ചർ എങ്ങിനെയും ക്ലാസിലെത്തിക്കും. 

ടീച്ചറുടെ നിർബന്ധത്തിനു വഴങ്ങി മൂന്നുപേർ പഠിക്കാൻ വരാൻ തയ്യാറായി. എന്നിട്ടും ഒരാൾ മുങ്ങി. ഉടുപ്പൊക്കെ വീട്ടിൽ ഇട്ടിരുന്നത് തന്നെയായിരിക്കും. ഇതാണ് ഇവിടെ തുടരുന്ന പതിവ്. ഇതിങ്ങനെ ആവർത്തിക്കും. കുട്ടികളുടെ പിടിവിടാതെ ടീച്ചർ ഇവരെ തിരഞ്ഞ് പോയിക്കൊണ്ടുമിരിക്കും. 

click me!