
തിരുവനന്തപുരം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞ ശരത് ബാബുവിന്‍റെ ഹൃദയവാൽവുകൾ ഇനി രണ്ടുപേര്‍ക്ക് പുതുജീവന്‍ നല്‍കും. വെള്ളിയാഴ്ച യാണ് വെങ്ങാനൂർ വെണ്ണിയൂർ മാവുവിള വീട്ടിൽ ബാബു (ബെന്നി ) - ശാന്ത ദമ്പതികളുടെ ഏകമകൻ ശരത് ബാബു (19) മരിച്ചത്. മരണ വിവരമറിഞ്ഞ ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ അധികൃതർ ബന്ധുക്കളെ സമീപിച്ചപ്പോഴാണ് ശരതിന്‍റെ ഹൃദയവാൽവുകൾ ദാനം നൽകാൻ ബന്ധുക്കൾ തയ്യാറായത്.
ചികിത്സയിലുള്ള രണ്ടു പേർക്ക് ശരത്തിന്‍റെ ഹൃദയവാല്‍വുകള്‍ പുതുജീവൻ നൽകും. പുല്ലാന്നി മുക്കിലെ ടൈൽസ് കടയിലെ ജീവനക്കാരനായിരുന്ന ശരത് ഉച്ചഭക്ഷണം കഴിക്കുന്നതിനായി വീട്ടിലേക്ക് പോകവെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ ശരത് ബാബു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു.
ലൈഫ് പദ്ധതി പ്രകാരം വെങ്ങാനൂർ പഞ്ചായത്തിൽ നിന്നും ലഭിച്ച വീടിന്‍റെ കോൺക്രീറ്റ് ഇന്നലെ നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ശരത്ത് മരിച്ചത്. ഈ വീടിനു മുന്നിലാണ് ശരത് ബാബുവിന് അന്ത്യവിശ്രമസ്ഥലം ഒരുക്കിയതും. കൂലിപ്പണിക്കാരനായ ബാബുവിന്‍റെ ഏക പ്രതീക്ഷ ശരത് ബാബുവിലൂടെയായിരുന്നു. പെട്ടെന്നുണ്ടായ അപകട മരണം നാടിനെയാകെ ദു:ഖത്തിലാഴ്ത്തി. വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ശരത് ബാബുവിന്‍റെ മൃതദേഹം അടക്കം ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam