പൂയ്... ഓടിവായോ... തീരത്ത് കിടന്ന് പെടക്കണ മത്തി കണ്ടാ! രാവിലെ 6.30ന് മരക്കാപ്പ് കടപ്പുറത്ത് ചാകര; വാരിക്കൂട്ടി ബക്കറ്റിലാക്കി ജനം

Published : Oct 05, 2025, 10:39 AM IST
sardine chakara

Synopsis

കാസർകോട് നീലേശ്വരം കടപ്പുറത്ത് മത്തി ചാകരയുണ്ടായപ്പോൾ, കേരളത്തിലെ മത്തി ലഭ്യതയിലെ വ്യതിയാനങ്ങൾക്ക് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് സിഎംഎഫ്ആർഐയുടെ പഠനം ചൂണ്ടിക്കാട്ടുന്നു.

കാസര്‍കോട്: കാസർകോട് നീലേശ്വരം മരക്കാപ്പ് കടപ്പുറത്ത് മത്തി ചാകര. ഇന്ന് രാവിലെ 6:30 മുതൽ എട്ട് വരെയാണ് ചാകര ഉണ്ടായത്. ബക്കറ്റും കവറുകളുമായും വന്ന് ആളുകൾ മത്തി വാരിയെടുക്കുകയായിരുന്നു. അതേസമയം, കേരള തീരത്ത് കഴിഞ്ഞ വർഷം മത്തിയുടെ കുഞ്ഞുങ്ങൾ അപ്രതീക്ഷിതമായി വർധിച്ചതിനും തുടർന്നുണ്ടായ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾക്കും കാരണം മൺസൂൺ മഴയിലെ മാറ്റങ്ങളാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്‍റെ (സിഎംഎഫ്ആർഐ) പുതിയ പഠനം വ്യക്തമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കടലിലുണ്ടാകുന്ന മാറ്റങ്ങൾ മത്തിയുടെ ലഭ്യതയിൽ വലിയ ഉയർച്ച താഴ്ചകൾക്ക് കാരണമാകുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.

കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ പ്രധാന ഉപജീവനമാർഗമായ മത്തിയുടെ ലഭ്യതയിൽ സമീപകാലങ്ങളിൽ വലിയ വ്യതിയാനമാണുണ്ടായത്. 2012ൽ സംസ്ഥാനത്ത് നാല് ലക്ഷം ടൺ എന്ന റെക്കോർഡ് അളവിൽ ലഭിച്ച മത്തി 2021ൽ വെരും 3500 ടണ്ണായി കുത്തനെ കുറഞ്ഞു. എന്നാൽ, കഴിഞ്ഞ വർഷം ശരാശരി പത്ത് സെന്‍റിമീറ്റർ വലിപ്പമുള്ള കുഞ്ഞൻ മത്തി കേരള തീരത്ത് വൻതോതിൽ പ്രത്യക്ഷപ്പെട്ടു. കോഴിക്കോട്, തൃശൂർ ജില്ലകളിൽ ഇവ കൂട്ടത്തോടെ കരയ്ക്കടിയുന്ന സാഹചര്യവുമുണ്ടായി.

ശാസ്ത്രീയ കാരണങ്ങൾ

കൊച്ചി, വിഴിഞ്ഞം, കോഴിക്കോട് എന്നിവിടങ്ങളിൽ ജൈവശാസ്ത്രവും സാമുദ്രകവുമായ ഘടകങ്ങൾ വിശകലനം ചെയ്താണ് സിഎംഎഫ്ആർഐ പഠനം നടത്തിയത്. കഴിഞ്ഞ വർഷം അനുകൂലമായ മൺസൂൺ മഴയും പോഷക സമൃദ്ധമായ അടിത്തട്ടിലെ ജലം മുകളിലേക്ക് വരുന്നതും (അപ് വെല്ലിംഗ്) മത്തി ലാർവകളുടെ പ്രധാന ഭക്ഷണമായ സൂക്ഷ്മപ്ലവകങ്ങൾ പെരുകാൻ കാരണമായി. ഇതോടെ ലാർവകളുടെ അതിജീവനം കൂടുകയും മത്തികുഞ്ഞുങ്ങളുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനവുണ്ടാകുകയും ചെയ്തു.

എന്നാൽ, മത്തിക്കുഞ്ഞുങ്ങളുടെ എണ്ണം കൂടിയതോടെ അവയുടെ ഭക്ഷ്യലഭ്യതയിൽ ക്രമേണ കുറവുണ്ടായി. ഇത് അവയുടെ വളർച്ച മുരടിക്കുന്നതിനും തൂക്കം കുറയുന്നതിനും കാരണമായി. ഇതോടെ വിപണിയിൽ മത്തിയുടെ വില കുത്തനെ ഇടിയുകയും മത്തിക്കുഞ്ഞുങ്ങളെ പിടിക്കുന്നത് തന്നെ നിർത്തിവെക്കുന്ന സാഹചര്യവുമുണ്ടായി. സൂക്ഷ്മപ്ലവകങ്ങളുടെ അളവ് പോലുള്ള ആവാസവ്യവസ്ഥയിലെ ഉത്പാദനക്ഷമതയാണ് മത്തിയുടെ ലഭ്യതയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നതെന്നും പഠനം കണ്ടെത്തി. സമുദ്രത്തിലെ ഉഷ്ണതരംഗങ്ങളും മത്തിയുടെ പ്രജനനത്തെയും വ്യാപനത്തെയും ബാധിച്ചിരിക്കാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

കാലാവസ്ഥാ വ്യതിയാനം മൂലം ഇത്തരം ഏറ്റക്കുറച്ചിലുകൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ, ഓരോ മത്സ്യത്തിനും അനുയോജ്യമായ ഹ്രസ്വകാല മുന്നറിയിപ്പുകൾ (ഫോർകാസ്റ്റ്) വേണമെന്ന് പഠനം നിർദേശിക്കുന്നു. സാഹചര്യങ്ങൾക്കനുസരിച്ച് പ്രാദേശികമായി മത്സ്യബന്ധന നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്. മുന്നറിയിപ്പുകളും നിയന്ത്രണങ്ങളും മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാൻ അനിവാര്യമാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ യു ഗംഗ പറഞ്ഞു. പഠനം കറന്റ് സയൻസ് ജേണലിൽ പ്രസി്ദ്ധീകരിച്ചിട്ടുണ്ട്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തർക്കം, അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിവീഴ്ത്തി, പ്രതി പിടിയിൽ
പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം