തെരുവ് നായകള്‍ക്ക് അന്നം നല്‍കി രക്ഷകയായി സരിത

By Web TeamFirst Published Sep 7, 2021, 8:16 PM IST
Highlights

 തോട്ടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും തീരദേശ പൊലീസ് സ്റ്റേഷന്റെയും പരിസരങ്ങളിൽ പത്തോളം നായ്ക്കൾ വിശക്കുന്ന വയറുമായി നിത്യേന കാത്തുനിൽപ്പുണ്ടാകും. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജെഎച്ച്ഐ പല്ലന ചിത്തിരയിൽ സരിത കൊണ്ടുവരുന്ന ഭക്ഷണവും കാത്തുള്ള നിൽപ്പാണത്. 

അമ്പലപ്പുഴ: തോട്ടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും തീരദേശ പൊലീസ് സ്റ്റേഷന്റെയും പരിസരങ്ങളിൽ പത്തോളം നായ്ക്കൾ വിശക്കുന്ന വയറുമായി നിത്യേന കാത്തുനിൽപ്പുണ്ടാകും. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജെഎച്ച്ഐ പല്ലന ചിത്തിരയിൽ സരിത കൊണ്ടുവരുന്ന ഭക്ഷണവും കാത്തുള്ള നിൽപ്പാണത്. ജോലിക്കു വരുമ്പോൾ വീട്ടിൽ നിന്ന് ഇവയ്ക്ക് ഭക്ഷണവും കരുതും. 

ഇറച്ചിക്കറിയോ മീൻ കറിയോ ചേർത്ത് വിളമ്പും. 2020 ഫെബ്രുവരി രണ്ടിന് ഇവിടെ ജോലിക്കെത്തിയതു മുതൽ ഇത് ശീലമാണ്. ജോലിക്കെത്താൻ കഴിയാതിരുന്നാൽ ഭക്ഷണ വിതരണം സഹപ്രവർത്തകയെ ഏൽപ്പിക്കും. ഭക്ഷണം മാത്രമല്ല ഇവയുടെ സംരക്ഷണവും സരിത ഏറ്റെടുത്തു. സെന്ററിൽ പലയാവർത്തി എത്തി സ്നേഹമറിയിച്ചു മടങ്ങുന്ന ഡാഷ് ഇനത്തിൽപ്പെട്ട നായയുടെ കാൽ വാഹനമിടിച്ച് ഒടിഞ്ഞു. റസ്ക്യൂ ടീം അംഗം കോട്ടയം സ്വദേശിയെ വിവരമറിയിച്ചു. ശസ്ത്രക്രിയ വേണമെന്ന ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് സുഹൃത്തുവഴി തൃശൂരിലെ മൃഗസ്നേഹി രാമവാര്യരെ ഏൽപ്പിച്ചു. 

ക്ഷീണിതനായ മറ്റൊരു നായയേയും ഒപ്പം കൈമാറി. ഡാഷിന് മൂന്ന് ശസ്ത്രക്രിയ നടത്തണം. ഒപ്പം കൈമാറിയതിന് ട്യൂമർ കണ്ടെത്തി. ഇപ്പോൾ കീമോ ചെയ്യുന്നുണ്ട്. ഇരുവരുടേയും ചികിത്സക്കും മരുന്നിനുമായി 20,000 ത്തോളം രൂപ ചെലവാക്കി. വീട്ടിലെ വളർത്തു നായയെ കൂടാതെ പരിസരത്ത് എട്ട് തെരുവുനായകളുമുണ്ട്. 

ഇവയെ തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ നിന്ന് എസ്ഐയായി റിട്ടയർ ചെയ്ത ഭർത്താവ് സേതുപാലനും ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിയായ മകൻ ഹർഷദുമാണ് പരിചരിക്കുന്നത്. അടുത്തയാഴ്ച ഉദ്യോഗകയറ്റം ലഭിച്ച് ജില്ല വിട്ടു പോകുമ്പോൾ നായ്ക്കളുടെ കാര്യമോർത്തുള്ള പ്രയാസത്തിലാണ് സരിത. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!