സത്യസായി ട്രസ്റ്റിൻറെ 23 വീടുകൾ എൻഡോസൾഫാൻ ഇരകൾക്ക് വിതരണം ചെയ്യണം: മനുഷ്യാവകാശ കമ്മീഷൻ

By Web TeamFirst Published Aug 2, 2021, 6:39 PM IST
Highlights

വീട് അനുവദിക്കുന്നതിൽ  കാലതാമസം വരുത്തിയ  ജില്ലാ കളക്ടറേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നൽകി

കാസർകോട്: നാലു വർഷം മുമ്പ് സത്യ സായി ഓർഫനേജ് ട്രസ്റ്റ് നിർമ്മാണം പൂർത്തിയാക്കിയ  23 വീടുകൾ എൻഡോസൾഫാൻ ഇരകൾക്ക് വിതരണം ചെയ്യുന്നതിൽ ചീഫ് സെക്രട്ടറി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ജില്ലാ ഭരണകൂടത്തിൻറെ ഭാഗത്ത് ഗുരുതരമായ അനാസ്ഥയുണ്ടായ പശ്ചാത്തലത്തിൽ വീടുകൾ വിതരണം ചെയ്യാൻ ചീഫ് സെക്രട്ടറി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

വീട് അനുവദിക്കുന്നതിൽ  കാലതാമസം വരുത്തിയ  ജില്ലാ കളക്ടറേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നൽകി.   നടപടി സ്വീകരിച്ച ശേഷം ഒരു മാസത്തിനകം ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ എൻ ആനന്ദ കുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി. 

കാസർകോട്ടെ 5.5 ഏക്കർ സ്ഥലത്ത് 45 വീടുകളാണ് ട്രസ്റ്റ് നിർമ്മിച്ച് നൽകിയത്. ഇതിനായി കോടി കണക്കിന് രൂപ ചെലവാക്കി. നിർമ്മാണം പൂർത്തിയാക്കിയ വീടുകൾ കേരള ഗവർണറാണ് നാടിന് സമർപ്പിച്ചത്. 22 വീടുകൾ മുഖ്യമന്ത്രി ഇരകൾക്ക് കൈമാറി. 23 വീടുകളാണ് ഇനി അനുവദിക്കാനുള്ളത്. ഇത്രയധികം വീടുകൾ ആവശ്യകാർക്ക് നൽകാത്തതിന് കാരണം ജില്ലാ ഭരണകൂടത്തിൻറെ അനാസ്ഥയാണെന്ന് പരാതിക്കാരൻ കുറ്റപ്പെടുത്തി. 

കാസർക്കോട് നടന്ന സിറ്റിംഗിൽ കമ്മീഷൻ സർക്കാരിൻറെയും ട്രസ്റ്റിൻറെയും വാദം കേട്ടു.കാലതാമസത്തിനുള്ള ന്യായീകരണം  ജില്ലാ കളക്ടർ സമർപ്പിച്ചു.  2017 ൽ നിർമ്മിച്ച വീടുകൾ  എൻഡോസർഫാൻ ഇരകൾക്ക് അനുവദിക്കുന്ന കാര്യത്തിൽ ജില്ലാ ഭാണകൂടം വരുത്തിയ  വീഴ്ച ന്യായീകരിക്കത്തക്കതല്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. തുടർന്നാണ് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക്  ഉത്തരവ് നൽകിയത്. സ്വീകരിച്ച നടപടികൾ ചീഫ് സെക്രട്ടറിക്ക് പുറമേ  കാസർകോട് ജില്ലാ കളക്ടറും ഹാജരാക്കണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!