നെടുങ്കണ്ടം തോവാളപ്പടിയിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു, പിന്നിൽ സിപിഎമ്മെന്ന് ബിജെപി

By Web TeamFirst Published Aug 2, 2021, 5:22 PM IST
Highlights

നെടുങ്കണ്ടം തോവാളപ്പടിയിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. ആർഎസ്എസ് തോവാളപ്പടി ശാഖാ കാര്യവാഹക് തൈക്കേരി പ്രകാശിനാണ് വെട്ടേറ്റത്.

ഇടുക്കി: നെടുങ്കണ്ടം തോവാളപ്പടിയിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. ആർഎസ്എസ് തോവാളപ്പടി ശാഖാ കാര്യവാഹക് തൈക്കേരി പ്രകാശിനാണ് വെട്ടേറ്റത്. പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ബിജെപി ആരോപിച്ചു. മേഖലയിൽ നാളുകളായ് സിപിഎം-ആർഎസ്എസ് സംഘർഷം നിലനിന്നിരുന്നു.

ഇന്നലെ രാത്രിയായിരുന്നു സംഭവം. മേസ്തിരി ജോലി ചെയ്യുന്ന പ്രകാശ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ സംഭവം. ആക്രമണത്തിൽ സാരമായി പരുക്കേറ്റ പ്രകാശിൻ്റെ മുഖത്തും കൈയ്ക്കും കാലിനും  പരുക്കുണ്ട്. ഞായാറാഴ്ച  രാത്രി 9.45നു തോവാളപ്പടിയില്‍  മാരകായുധങ്ങളുമായെത്തിയ സംഘം പ്രകാശ് ഓടിച്ചിരുന്ന ജീപ്പ് തടഞ്ഞ്  നിർത്തിയ ശേഷമാണ് അക്രമം നടത്തിയത്. 

മൂന്ന് ബൈക്കുകളിലെത്തിയ  സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. വാഹനം തടഞ്ഞ ഉടനെ മുന്‍വശത്തെ ഗ്ലാസ് കമ്പിവടിക്ക് അടിച്ച് തകര്‍ത്തു. പിന്നാലെ മുഖത്തിനും കൈയ്ക്കും വെട്ടി.  ആറംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രകാശ് പറഞ്ഞു.

സംഭവത്തിന് പിന്നിൽ സിപിഎം ഗുണ്ടകളാണന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. നെടുങ്കണ്ടം 11-ാം വാര്‍ഡ് വനിത മെമ്പര്‍ വാക്സിന്‍ വിതരണം രാഷ്ട്രീയം നേട്ടത്തിനായി ഉപയോഗിക്കുന്നതായി ആരോപിച്ച് ബിജെപി നേതാവ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. 

പോസ്റ്റിനു താഴെ ബിജെപി പ്രവർത്തകനായ പ്രകാശ് കമൻ്റിട്ടിരുന്നു. ഇതിനു മുൻപ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് പ്രകാശിനെ കൈകാര്യം ചെയ്യുമെന്ന് സിപിഎം നേതാക്കൾ ഭീഷണി ഉയർത്തിയിരുന്നതായും പ്രകാശൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!