Latest Videos

ശിക്ഷാവിധിയിൽ സംതൃപ്തനെന്ന് ശാന്തകുമാരിയുടെ മകൻ; പ്രതികളെ രക്ഷപെടാൻ അനുവദിക്കാതിരുന്നത് പൊലീസിന്റെ ശുഷ്കാന്തി

By Web TeamFirst Published May 23, 2024, 9:55 AM IST
Highlights

ശാന്തകുമാരി വധക്കേസിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിയും മുൻപാണ് പ്രതികളെ കഴകൂട്ടത്തു വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം പുറത്തറിഞ്ഞ് രണ്ട് മണികൂറുകൾക്കകx പ്രതികൾ പിടിയിലായി. 

തിരുവനന്തപുരം: അമ്മയുടെ കൊലപാതികൾക്ക് വധശിക്ഷ നൽകിയ വിധിയിൽ സംതൃപ്തനെന്ന് വിഴിഞ്ഞം മുല്ലൂരിൽ കൊല്ലപ്പെട്ട ശാന്തകുമാരിയുടെ മകൻ സനിൽകുമാർ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർക്ക് നന്ദി. പൊലീസ് ഉദ്യോഗസ്ഥരുടെ ശുഷ്കാന്തിയാണ്  പ്രതികൾ രക്ഷപ്പെടാതെ ശിക്ഷിക്കപ്പെടാൻ കാരണം.  ഇരട്ട ജീവപര്യന്തമായിരുന്നു പ്രതീക്ഷിച്ചതെങ്കിലും  പ്രതികൾക്ക് വധശിക്ഷ ലഭിച്ചു. വിധിയിൽ ശാന്തകുമാരിയുടെ മകൾ ശിവകലയും സംതൃപ്തി അറിയിച്ചതായി സനിൽ കുമാർ പറഞ്ഞു. 

ശാന്തകുമാരി വധക്കേസിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിയും മുൻപാണ് പ്രതികളെ കഴകൂട്ടത്തു വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം പുറത്തറിഞ്ഞ് രണ്ട് മണികൂറുകൾക്കകമാണ് പ്രതികൾ പിടിയിലായത്. പ്രതികളിലൊരാളുടെ സുഹൃത്തിൽ നിന്നും ഫെയ്സ്ബുക്കിലെ ഫോട്ടോ വാങ്ങി പരിശോധിച്ചാണ് നഗരത്തിൽ തിരച്ചിൽ നടത്തി ഒടുവിൽ സ്വകാര്യ ബസിൽ നിന്നും പ്രതികളെ കണ്ടെത്തിയത്. 

ഇവരെ പിടികൂടിയ ശേഷമാണ് കൊല്ലപ്പെട്ടത് ശാന്തകുമാരിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. 90 ദിവസത്തിനകം തന്നെ കുറ്റപത്രം സമർപ്പിക്കാനായതിനാൽ പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതിനും തടസമായി. കോവളം പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ കൊലപാതകത്തിന്  തുമ്പുണ്ടാക്കാനായതും വിഴിഞ്ഞം പൊലീസിന് നേട്ടമായി.

വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരിയുടെത് ആസൂത്രിതമായ കൊലപാതകം ആയിരുന്നു. 2022 ജനുവരി 14 ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ശാന്തകുമാരിയുടെ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്യാൻ അയൽ വീട്ടിൽ വാടകക്കാരായി വന്ന പ്രതികൾ ഗൂഡാലോചന നടത്തി കൃത്യം ആസൂത്രണം ചെയ്തു നടപ്പിലാക്കുകയായിരുന്നു. അതിനായി പ്രതികളുടെ വസ്ത്രങ്ങളും മറ്റും രണ്ടാം പ്രതിയുടെ പാലക്കാട്ടുള്ള വീട്ടിലേക്കു കൃത്യത്തിനും രണ്ടാഴ്ച മുന്നേ മുൻ‌കൂർ ആയി മാറ്റിയിരുന്നു. 

കുടുംബ വീട്ടിൽ ഭർത്താവിന്റെ ആൽത്തറയിൽ സ്ഥിരം വിളക്ക് കത്തിച്ചു വച്ചു കഴിഞ്ഞിരുന്ന ശാന്തകുമാരി എപ്പോഴും സ്വർണ ആഭരണങ്ങൾ അണിഞ്ഞിരുന്നു. ഒന്നാം പ്രതി റഫീക്ക് സൗഹൃദത്തിൽ ഏർപ്പെട്ട ശേഷം ശാന്തകുമാരിയെ സംഭവ ദിവസം പ്രതികൾ താമസിച്ചിരുന്ന വാടക വീട്ടിൽ വിളിച്ചു വരുത്തി രണ്ടും മൂന്നും പ്രതികൾ തുണി കൊണ്ടുള്ള കുരുക്കിട്ട് കഴുത്തു ഞെരിച്ച നേരം ഒന്നാം പ്രതി ഒരു ഇരുമ്പ് ചുറ്റിക കൊണ്ട് ശാന്തകുമാരിയെ തലയ്ക്കടിച്ചു. തുടർന്ന് രണ്ടാം പ്രതി അതേ ചുറ്റിക ഉപയോഗിച്ച് നെറ്റിയിലും തലയുടെ മറ്റു ഭാഗങ്ങളിലും അടിച്ചു കൊലപെടുത്തുകയായിരുന്നു.

മൃതദേഹത്തിൽ നിന്നും സ്വർണ്ണമാല, വളകൾ, മോതിരം, മാട്ടിയോട് കൂടിയ കമ്മലുകൾ എന്നിവ പ്രതികൾ കവർന്നെടുത്തു. മൃതദേഹം വീടിന്റെ തട്ടിൻ പുറത്തെ ആസ്ബസ്റ്റോസ് മേൽക്കൂരയ്ക്കും തട്ടിനും ഇടയിലുള്ള സ്ഥലത്തു ഞെരുക്കി ഒളിപ്പിച്ചു വച്ചു. പ്രതികൾ മൂവരും ചേർന്ന് അന്നേ ദിവസം തന്നെ രണ്ടു തവണ ആയി വിഴിഞ്ഞത്തെ ജുവല്ലറിയിൽ കുറച്ചു ഭാഗം സ്വർണം വിറ്റ് പണമാക്കി. 

സംഭവ ദിവസം രാത്രി തിരുവനന്തപുരത്തു നിന്നും തൃശൂരിലേക്ക് പോകുന്ന ബസിൽ കയറി യാത്രക്കാരായി രക്ഷപെടാൻ ശ്രമിച്ച പ്രതികളെ വിഴിഞ്ഞം പോലീസ് കഴക്കൂട്ടത്തു വച്ചു കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. രാവിലെ നടന്ന കൊലപാതകം പുറത്തറിഞ്ഞത് സംഭവ ദിവസം രാത്രിയോടെയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ ഈ കേസിന്റെ അന്വേഷണത്തിൽ നിർണ്ണായക തെളിവായി. സ്വർണാഭരണങ്ങൾ കുറെ ഭാഗം ജുവല്ലറിയിൽ നിന്നും ബാക്കി ഉള്ളവ പ്രതികളുടെ പക്കൽ നിന്നും വിഴിഞ്ഞം  പൊലീസ് കണ്ടെടുത്തു.

ഫോർട്ട് എ.സി ആയിരുന്ന എസ്. ഷാജിയുടെ നേതൃത്വത്തിൽ വിഴിഞ്ഞം എസ്.എച്ച്.ഒ ആയിരുന്ന പ്രജീഷ് ശശി, എസ്.ഐമാരായ അജിത് കുമാർ, കെ.എൽ സമ്പത്ത്, ജി. വിനോദ്, എ.എസ്.ഐ ബനഡിക്ട്, ഡബ്ല്യൂ.സി.പി.ഒ വിജിത, എസ്.സി.പി.ഒമാരായ സെൽവരാജ്, അജയൻ, സാബു, സുനി, സുധീർ, രാമു എന്നിവരാണ് കേസ് അന്വേഷിച്ച് 500 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. പബ്ലിക് പ്രോസീക്യൂട്ടർ പാറശ്ശാല എ. അജികുമാർ കോടതിയിൽ ഹാജരായി.

കോവളം മുട്ടയ്ക്കാട് ചിറയിൽ സ്വദേശിനി 14കാരിയെ കൊലപ്പെടുത്തിയ സംഭവത്തിലും അമ്മയും മകനും പ്രതികളാണ്. ശാന്തകുമാരി കൊല്ലപ്പെടുന്നതിന് ഒരു വർഷം മുൻപാണ് ഈ കൊലപാതകം നടന്നത്. അന്ന് പെൺകുട്ടിയുടെ വീടിന് സമീപമായിരുന്നു പ്രതികൾ വാടകയ്ക്ക് താമസിച്ചിരുന്നത്. കൊലപാതകമാണെന്ന് തെളിഞ്ഞതിനെ തുടർന്ന് അന്ന് പെൺകുട്ടിയുടെ രക്ഷിതാക്കളെയാണ് പൊലീസ് സംശയിച്ചിരുന്നത്. ശാന്തകുമാരി വധക്കേസിൽ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെയാണ് ഈ കൊലപാതകം വെളിപ്പെട്ടത്. ഇതിലും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!