
കോഴിക്കോട്: കൊടിയ വേനലിന് സാന്ത്വനമേകാൻ കോഴിക്കോട് ജില്ലയില്‍ 'സേവ്'. ജില്ലയിലെ ക്ഷേത്രക്കുളങ്ങളും പള്ളികുളങ്ങളും കിണറുകളും ശുചീകരിച്ച് സംരക്ഷിക്കുകയാണ് പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്‍റെ ജീവജലം പദ്ധതിയിലൂടെ. 'ഒരു വിദ്യാലയം ഒരു ജലാശയം' എന്ന ആശയമാണ് സേവ് മുന്നോട്ട് വയ്ക്കുന്നത്. ജില്ലയിലെ ഓരോ വിദ്യാലയവും ഓരോ ജലാശയം തെരഞ്ഞെടുത്ത് ശുചീകരിച്ച് സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
ക്ഷേത്രക്കുളങ്ങളെ ക്ഷേത്ര കമ്മിറ്റികൾക്ക് കീഴിൽ ജനകീയ സമിതികൾ രൂപീകരിച്ച് ശുചീകരിച്ച് സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് സമീപത്തുള്ള സ്കൂളുകൾ നേതൃത്വം നൽകുക. പള്ളിക്കുളങ്ങളും കിണറുകളും മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനകീയ സമിതികൾ രൂപീകരിച്ച് അടുത്തുള്ള സ്കൂളുകളുടെ നേതൃത്വത്തിൽ ശുചീകരിച്ച് സംരക്ഷിക്കും.
ക്ഷേത്രക്കുളങ്ങളുടെ ശുചീകരണ സംരക്ഷണപ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ കഴിഞ്ഞദിവസം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ഒ കെ വാസുവിനെ 'സേവ്' പ്രതിനിധികൾ സന്ദർശിച്ചിരുന്നു. സഹകരിച്ച് പ്രവർത്തിക്കാം എന്ന് ബോർഡ് പ്രസിഡന്‍റ് ഉറപ്പുനൽകി. മാർച്ച് ആറിന് ചേരുന്ന ബോർഡ് യോഗത്തിൽ വിഷയം ചർച്ചചെയ്ത് തീരുമാനമെടുക്കും. ക്ഷേത്ര പ്രതിനിധികളെ വിളിച്ചുചേർത്ത് ജലസംരക്ഷണത്തെക്കുറിച്ച് ചർച്ചചെയ്യുകയും തുടർ പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്യും.
പള്ളിക്കുളങ്ങളും കിണറുകളും ശുചീകരിച്ച് സംരക്ഷിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസിർ അബ്ദുൽ ഹയ്യ് ശിഹാബുദ്ധീൻ തങ്ങളെ 'സേവ്' പ്രതിനിധികള്‍ സന്ദർശിച്ചു. മഹല്ല് ഫെഡറേഷൻ വിളിച്ചുചേർത്ത ജലസംരക്ഷണത്തെക്കുറിച്ച് ശില്‍പ്പശാല നടത്താമെന്നും തുടർ പരിപാടികൾ ആസൂത്രണം ചെയ്യാം എന്നും അദ്ദേഹം ഉറപ്പുനൽകി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam