തൊടുപുഴയിൽ അസാധു വോട്ടിൽ നഷ്ടമായ ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്

By Web TeamFirst Published Feb 18, 2019, 5:17 PM IST
Highlights

അബദ്ധത്തിൽ നഷ്ടമായ തൊടുപുഴ ന​ഗരസഭ ഭരണം എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് യുഡിഎഫ് തിരിച്ചുപിടിച്ചത്. ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ പതിമൂന്നിനെതിരെ പതിനാല് വോട്ടുകൾക്കാണ് യുഡിഎഫ് ജയം.

ഇടുക്കി: തൊടുപുഴ നഗരസഭ ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു .കേരള കോൺഗ്രസ് എമ്മിലെ ജെസി ആന്‍റണിയാണ് പുതിയ ചെയർപേഴ്സൺ. എൽഡിഎഫ് സ്ഥാനാർത്ഥിയെ ഒരു വോട്ടിനാണ് ജെസി ആന്‍റണി തോൽപ്പിച്ചത്.

അബദ്ധത്തിൽ നഷ്ടമായ തൊടുപുഴ ന​ഗരസഭ ഭരണം എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് യുഡിഎഫ് തിരിച്ചുപിടിച്ചത്. ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ പതിമൂന്നിനെതിരെ പതിനാല് വോട്ടുകൾക്കാണ് യുഡിഎഫ് ജയം.

കഴിഞ്ഞ ജൂൺ 18ന് നടന്ന ചെയർപേഴ്സൻ തെരഞ്ഞെടുപ്പിലാണ് എൽഡിഎഫ് അട്ടിമറി വിജയം നേടി നഗരസഭ ഭരണം പിടിച്ചെടുത്തത്. അന്ന് വൈസ് ചെയർമാനായിരുന്ന യുഡിഎഫിലെ സുധാകരൻ നായരുടെ വോട്ട് അസാധുവായതോടെ എൽഡിഎഫിനും യുഡിഎഫിനും വോട്ടുനില തുല്യമായി. തുടർന്ന് നടത്തിയ നറുക്കെടുപ്പിലൂടെ എൽഡിഎഫ് ഭരണം നേടുകയായിരുന്നു.

35 അംഗ നഗരസഭയിൽ യുഡിഎഫിന് 14 സീറ്റ്, എൽഡിഎഫിന് 13, ബിജെപിയ്ക്ക് 8 എന്നിങ്ങനെയാണ് കക്ഷിനില. ആദ്യഘട്ട വോട്ടെടുപ്പിൽ ചെയർപേഴ്സൺ സ്ഥാനാർത്ഥി പുറത്തായതോടെ അന്തിമ വോട്ടെടുപ്പിൽ നിന്ന് ബിജെപി വിട്ടുനിന്നു. എൽഡിഎഫിലെ മിനി മധുവിനെയാണ് തെരഞ്ഞെടുപ്പിൽ ജെസി ആന്‍റണി തോൽപ്പിച്ചത്.

പഴയ അനുഭവം മുൻനിർത്തി ഇത്തവണ വോട്ട് അസാധുവാകാതിരിക്കാൻ കർശന നടപടികളാണ് യുഡിഎഫ് സ്വീകരിച്ചത്. മുന്നണി സഖ്യധാരണ അനുസരിച്ച് ഒരു വ‍ർഷത്തിന് ശേഷം ചെയർപേഴ്സൻ സ്ഥാനം കേരള കോൺഗ്രസ് എം, കോൺഗ്രസിന് കൈമാറും.

click me!