ടികെ ഗോവിന്ദൻ പാർട്ടിയിലാണെങ്കിൽ ആളുകളുടെ പിന്തുണയുണ്ടാവും അല്ലാത്ത പക്ഷം അതുണ്ടാവില്ല. നിലവിൽ ടി കെ ഗോവിന്ദൻ ചെയ്തതിനെ മലപ്പട്ടത്തുള്ളവർ പിന്തുണയ്ക്കുന്നില്ല.

തളിപ്പറമ്പ്: കണ്ണൂരിൽ പാർട്ടിക്കെതിരെ ​ഗുരുതര ആരോപണങ്ങൾ ഉയർത്തിയ ടികെ ഗോവിന്ദനെതിരെ മരുമകളും ജനാധിപത്യ മഹിളാ അസോസിയേൽൻ നേതാവുമായ ടി കെ സുലേഖ. പാർട്ടിയോടൊപ്പം നിൽക്കുമ്പോഴാണ് വ്യക്തി മഹാനാവുന്നത്. പാർട്ടിയോടൊപ്പം ഉറച്ച് നിൽക്കുമെന്നും ടി കെ സുലേഖ മാധ്യമങ്ങളോട് വിശദമാക്കി. ടികെ ഗോവിന്ദൻ പാർട്ടിയിലാണെങ്കിൽ ആളുകളുടെ പിന്തുണയുണ്ടാവും അല്ലാത്ത പക്ഷം അതുണ്ടാവില്ല. നിലവിൽ ടി കെ ഗോവിന്ദൻ ചെയ്തതിനെ മലപ്പട്ടത്തുള്ളവർ പിന്തുണയ്ക്കുന്നില്ല. രക്ത ബന്ധത്തിന് മുകളിലാണ് പാർട്ടി. ചെറുപ്പം മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പമുള്ളയാണ് താൻ. ശ്യാമള ടീച്ചറെ സ്ഥാനാർത്ഥിയാക്കിയത് എം വി ഗോവിന്ദന്റെ ഭാര്യയെന്ന നിലയിലാണെന്ന ആരോപണം സ്ത്രീ വിരുദ്ധമാണെന്നും ടി കെ സുലേഖ പറഞ്ഞു. കുടുംബം പാർട്ടിയോടൊപ്പം ഉറച്ചുനിൽക്കുമെന്നും സുലേഖ വിശദമാക്കി. ആരും പാർട്ടിക്ക് അതീതരല്ല.ടി കെ ഗോവിന്ദൻ ചെയ്തത് ശരിയായ കാര്യമല്ല. ടി കെ ഗോവിന്ദൻ യുഡിഎഫ് സ്ഥാനാർത്ഥിയാവുമെന്ന് കേൾക്കുന്നത് അത് സത്യമാവില്ലെന്ന പ്രതീക്ഷയാണ് ഉള്ളതെന്നാണ് ടി കെ സുലേഖ.

കണ്ണൂർ സിപിഎമ്മിലെ കടുത്ത ഭിന്നത പരസ്യമാക്കിയാണ് മുതിർന്ന നേതാവും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ശ്രീകണ്ഠാപുരം മുൻ ഏരിയ സെക്രട്ടറിയുമായ ടി കെ ഗോവിന്ദൻ പാർട്ടി ബന്ധം ഉപേക്ഷിച്ചത്. തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കമാണ് വർഷങ്ങളായി മേഖലയിലെ പാർട്ടിയുടെ മുഖമായിരുന്ന നേതാവിന്റെ പുറത്തുപോക്കിൽ കലാശിച്ചത്.ആറ് പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്നും സിപിഎമ്മിൽ ഇപ്പോൾ നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത പ്രവണതകളാണെന്നും വാർത്താസമ്മേളനത്തിൽ ടി കെ ഗോവിന്ദൻ തുറന്നടിച്ചിരുന്നു. തളിപ്പറമ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും യു ഡി എഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്നും അദ്ദേഹം വിശദമാക്കിയിരുന്നു. പാർട്ടിക്കുള്ളിൽ വലിയ അനീതിയാണ് നടക്കുന്നതെന്നും സഖാവ് പിണറായി വിജയൻ ഇത്തരം കാര്യങ്ങൾക്ക് എങ്ങനെ കൂട്ടുനിൽക്കുന്നു എന്ന് മനസ്സിലാകുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് ടി കെ ഗോവിന്ദൻ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.

തളിപ്പറമ്പിൽ പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെയാണ് ഗോവിന്ദൻ പ്രധാനമായും ആഞ്ഞടിച്ചത്. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മൂന്ന് ടേം പൂർത്തിയാക്കിയ മണ്ഡലത്തിൽ നാലാം തവണ ഭാര്യയെത്തന്നെ സ്ഥാനാർത്ഥിയാക്കിയത് ആസൂത്രിതമാണെന്ന് അദ്ദേഹം ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം