
മലപ്പുറം: ഇന്നുവരെ ഓടിച്ചിട്ടില്ലാത്ത സ്‌കൂട്ടറിന്‍റെ പേരില്‍ പിഴ അടക്കാനാവശ്യപ്പെട്ട് നോട്ടീസ്. പൂക്കോട്ടുംപാടം പൊലീസിന്‍റെ കൈപ്പിഴയില്‍ വാണിയമ്പലം സ്വദേശിയാണ് വട്ടം കറങ്ങുന്നത്. വാണിയമ്പലം കെ കെ എസ് നഴ്‌സറി ഉടമ കൂടിയായ പി കെ മുഹമ്മദ് ജമാലിനാണ് ചെയ്യാത്ത കുറ്റത്തിന് പിഴയടക്കണമെന്ന് കാണിച്ച് ചലാനെത്തിയത്. ഹെല്‍മെറ്റ് ധരിക്കാതെ സ്‌കൂട്ടറില്‍ യാത്ര ചെയ്തതിനാണ് 500 രൂപ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടത്.
താന്‍ ഉപയോഗിക്കാത്ത വാഹനത്തിന് എങ്ങനെ പിഴ ചലാന്‍ ലഭിച്ചുവെന്ന ആശയക്കുഴപ്പത്തിലാണ് ജമാല്‍. ഫോട്ടോ സഹിതം ലഭിച്ച നോട്ടീസില്‍ സ്‌കൂട്ടറിന്‍റെ ചിത്രവും ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്യുന്നയാളുടെ ദൃശ്യവും വ്യക്തമാണ്. സ്‌കൂട്ടറിന്‍റെ നമ്പറും തന്‍റെ ബൈക്കിന്‍റെ നമ്പറും രണ്ടും വ്യത്യസ്തം. ഫോട്ടോയില്‍ കാണുന്ന ആളോ വാഹനമോ ഏതാണെന്നു പോലും ജമാലിനറിയില്ല. എന്നാല്‍, ചലാനില്‍ രേഖപ്പെടുത്തിയത് ജമാലിന്റെ ഹോണ്ട ഷൈന്‍ ബൈക്കിന്‍റെ നമ്പറാണ്.
നിലമ്പൂര്‍ ആര്‍ ടി ഓഫിസില്‍ അന്വേഷിച്ചപ്പോള്‍ സംഭവം അമരമ്പലത്ത് നടന്നതാണെന്നും പൂക്കോട്ടും പാടം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നുമായിരുന്നു നിര്‍ദേശം. അബദ്ധങ്ങള്‍ എഴുതിവിട്ട പൊലീസ് ഇപ്പോള്‍ കൈമലര്‍ത്തുന്നതാണ് ജമാലിനെ കുഴയ്ക്കുന്നത്. ഇനി ഉള്ള പിഴ അടച്ച് പ്രശ്‌നം പരിഹരിച്ചാല്‍ പിന്നെ അതേ വാഹനത്തെ ചൊല്ലിയുള്ള പൊല്ലാപ്പുകള്‍ വീണ്ടും തന്നെ തേടിയെത്തുമോ എന്ന ആശങ്കയും ഇയാള്‍ക്കുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam