
കല്‍പ്പറ്റ: സുല്‍ത്താന്‍ബത്തേരി-പുല്‍പ്പള്ളി റൂട്ടിലെ വനപാതയില്‍ കടുവയ്ക്ക് മുന്നിലകപ്പെട്ട ബാങ്ക് ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്. അതേസമയം ഇതുവഴി വന്ന ട്രാവലര്‍ ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിലൂടെയാണ് സ്‌കൂട്ടര്‍ യാത്രികയുടെ ജീവന്‍ തിരികെ കിട്ടിയത്. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ബത്തേരി സായാഹ്നശാഖ ജീവനക്കാരിയായ കെ.ജി. ഷീജയാണ് കടുവയുടെ ആക്രമണത്തില്‍ നിന്ന് ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടത്.
സംഭവം ഇങ്ങനെ:
വ്യാഴാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് ഇരുളത്തെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്നു ഷീജ. ആറരയോടെ പാമ്പ്രയ്ക്ക് സമീപമെത്തിയപ്പോഴാണ് എസ്റ്റേറ്റിന് എതിര്‍വശത്തുള്ള വനത്തില്‍ റോഡരികില്‍ കടുവയെ കണ്ടത്. മുമ്പിലുണ്ടായിരുന്ന ബൈക്ക് യാത്രക്കാരെ ലക്ഷ്യംവെച്ച് റോഡിലേക്ക് ചാടാനായുകയായിരുന്നു കടുവ. എന്നാല്‍ ബൈക്ക് യാത്രക്കാര്‍ വാഹനം വേഗത്തില്‍ ഓടിച്ച് പോയതോടെ റോഡില്‍ ഷീജ മാത്രമായി.
ഈ സമയത്ത് കടുവ ഗര്‍ജിച്ച് കൊണ്ട് ഷീജയുടെ നേരേ തിരിഞ്ഞു. എന്നാല്‍ ഇതേസമയം ഇതുവഴിയെത്തിയ ട്രാവലര്‍ ഡ്രൈവര്‍ വാഹനം വേഗത്തിലോടിച്ച് ഷീജയുടെയും കടുവയുടെയും മധ്യേ നിര്‍ത്തുകയായിരുന്നു. ഈ സമയം കൊണ്ട് സ്‌കൂട്ടര്‍ വേഗത്തില്‍ ഓടിച്ചാണ് താന്‍ രക്ഷപ്പെട്ടതെന്ന് ഷീജ പറഞ്ഞു. ട്രാവലറിനെ കണ്ടതും കടുവ കാട്ടിലേക്ക് തന്നെ ഓടിമറയുകയായിരുന്നു.
രണ്ടാഴ്ച മുമ്പ് പള്ളിച്ചിറയില്‍ ഫോറസ്റ്റ് റെയ്ഞ്ചറെയും ഡ്രൈവറെയും കടുവ ആക്രമിച്ചിരുന്നു. ഹെല്‍മെറ്റ് ധരിച്ചിരുന്നതുകൊണ്ട് മാത്രമാണ് വനപാലകര്‍ അന്ന് രക്ഷപ്പെട്ടത്. പുല്‍പ്പള്ളിയില്‍ യുവാവിനെ വകവരുത്തിയ കടുവക്കായി തിരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു അന്നത്തെ ആക്രമണം.
കൂടുതല്‍ വായനയ്ക്ക്: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ വനപാലകര്‍ക്ക് പരിക്ക്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam