
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും ചെള്ളുപനി (Scrub Typhus) സ്ഥിരീകരിച്ചു. വടകര സ്വദേശിയായ അൻപത് വയസ്സുകാരനാണ് രോഗബാധ. ഇതോടെ ജില്ലയിൽ 2021ൽ ആകെ 20 പേർക്ക് ചെള്ളുപനി ബാധിച്ചതായാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്. രോഗബാധ സംശയിക്കുന്ന നാല് പേർ ചികിത്സയിലാണ്. ഇവരുടെ പരിശോധന ഫലം അടുത്ത ദിവസങ്ങളിൽ വരും.
നേരത്തെ ജില്ലയിൽ ചെള്ളുപനി ബാധിച്ച് ഒരാൾ മരിച്ചിരുന്നു. വിട്ടുമാറാത്ത പനിയും തലകറക്കവും തൊണ്ട വേദനയുമാണ് ചെള്ളുപനിയുടെ രോഗലക്ഷണം. എലി, അണ്ണാൻ, മുയൽ തുടങ്ങി ഭക്ഷണം കരണ്ട് തിന്നുന്ന മൃഗങ്ങളിലെ ചെള്ളുകളിൽ നിന്നാണ് പനി ഉണ്ടാകുന്ന ബാക്ടീരിയ വരുന്നത്. ഇത്തരം ജീവികളുമായി ഇടപെടേണ്ടി വരുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അസുഖം പടരില്ല. ചെള്ളു കടിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് രോഗലക്ഷണം കാണുന്നത്.
രോഗലക്ഷണങ്ങള്‍
രോഗം ബാധിച്ചവരുടെ ശരീരത്തില്‍ പ്രത്യേക തരത്തിലുള്ള ഒരു വൃണം ഉണ്ടാകാം എന്നത് മറ്റു പനികളില്‍ നിന്ന് സ്ക്രബ് ടൈഫസിനെ വേര്‍തിരിച്ചു അറിയാന്‍ സഹായിക്കുന്ന ഒരു ലക്ഷണമാണ്. ചെള്ള് കടിച്ച ഭാഗമാണ് ഇങ്ങനെ ഒരു ചെറിയ വൃണമായി കാണുന്നത്. എഷ്കര്‍ എന്നാന്ന് ഈ ചെറിയ വൃണത്തെ വിളിക്കുന്ന പേര്. ചുറ്റും ചുവന്ന് നടുവില്‍ ഇരുണ്ട് പൊറ്റ പിടിച്ച ഒരു വൃണമായാണ് ഇത് കാണപ്പെടുന്നത്. ഇത്തരം വൃണം കാണപ്പെടുന്ന രോഗികളില്‍ കടുത്ത പനിയും കിടുങ്ങലും ഉണ്ടെങ്കില്‍ സ്ക്രബ് ടൈഫസ് പിടിപെട്ടതായി സംശയിക്കണം.
സ്ക്രബ് ടൈഫസിന്റെ മറ്റു ചില ലക്ഷണങ്ങള്‍ എലിപ്പനിയുടേത് പോലെയാണ്.
ഉദാഹരണമായി എലിപ്പനിക്കാര്‍ക്ക് ഉള്ളതുപോലെ തലവേദനയും ദേഹം വേദനയും പേശീവേദനയും സ്ക്രബ് ടൈഫസ് ബാധിച്ചവരിലും ഉണ്ടാവും. ശരീരത്തിലെ ലസികാ ഗ്രന്ഥികളുടെ വീക്കവും, ചര്‍മ്മത്തില്‍ ചുവര്‍ന്ന തിണര്‍പ്പുകളുമാണ് മറ്റു ലക്ഷണങ്ങള്‍. രോഗം ഗുരുതരമായാല്‍, തലച്ചോറില്‍ അണുബാധയുണ്ടായതിന്റെ ലക്ഷണങ്ങള്‍ പ്രകടമാവും. രോഗിക്ക് സ്വബോധം തകരാറിലാവുകയും ആശയക്കുഴപ്പം ഉണ്ടാവുകളും പെരുമാറ്റത്തില്‍ വ്യതിയാനം വരികയും സ്ഥലകാല ബോധം നഷ്ടപ്പെടുകയും ചെയ്യാം. ഒടുവില്‍ ഇത് പൂര്‍ണ്ണമായ ബോധക്ഷയത്തിലേക്ക് നയിക്കുകയും ചെയ്യും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam