
തൃശ്ശൂർ: ഏങ്ങണ്ടിയൂരിലെ തീരമേഖലയിൽ കടൽക്ഷോഭം ശക്തമായി തുടരുന്നു. ഇരുപതോളം വീടുകൾ തകർച്ചാഭീഷണിയിലാണ്. നൂറോളം വീടുകളിൽ വെള്ളം കയറി. ഒരുമാസം മുമ്പ് തുറന്ന നാട്ടുതോട് മണൽ നിറഞ്ഞ് വീണ്ടും നികന്നതിനൊപ്പം പൊക്കുളങ്ങര പുഴ കരകവിയുകയും ചെയ്തതോടെ നൂറോളം വീടുകൾ വെള്ളക്കെട്ടിലായി. സീവാൾ റോഡിലെ പലഭാഗങ്ങളിലും രൂക്ഷമാണ് കടൽക്ഷോഭം. കടൽഭിത്തിയും കവിഞ്ഞെത്തുന്ന കടൽവെള്ളം കരയിലേക്ക് ഇരുന്നൂറ് മീറ്ററോളം ഒഴുകിയെത്തുന്നു. ഈഭാഗങ്ങളിൽ ജിയോ ബാഗ് സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
കടൽക്ഷോഭ സമയങ്ങളിൽ മാത്രം നടപടിയെടുക്കാൻ മുന്നോട്ടുവരുന്ന പതിവ് രീതിയാണ് അധികൃതർക്കെന്നും നാട്ടുകാർ ആരോപിക്കുന്നു. അതേസമയം ജിയോ ബാഗുകൾ സ്ഥാപിക്കുന്നതിന് പിന്നാലെ മൂന്നിടങ്ങളിൽ ഇടപുലിമുട്ടുകൾ നിർമ്മിക്കുകയും നാട്ടുതോട് തുറക്കുകയും ചെയ്യുന്നതാണ് കടൽക്ഷോഭത്തിന് ശാശ്വത പരിഹാരമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. ശക്തമായ കടൽക്ഷോഭമുള്ള മൂന്നിടങ്ങളിൽ ഇട പുലിമുട്ടുകൾ നിർമ്മിക്കുന്നതോടെ മണൽ നിറഞ് തീരം സംരക്ഷിക്കപ്പെടും. നാട്ടുതോട് ആഴംകൂട്ടി തുറക്കുന്നത് വെള്ളക്കെട്ടിനെയും ഒഴിവാക്കും.
പ്രതിഷേധത്തിനിടെ ജിയോ ബാഗ് സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായിട്ടുണ്ട്. പൊക്കുളങ്ങര പഴയ സാഗർ ക്ലബ്ബ് മുതൽ തെക്കുഭാഗത്ത് 235 മീറ്റർ ദൂരത്തേക്കാണ് ഇറിഗേഷൻ വകുപ്പ് ജിയോ ബാഗ് സ്ഥാപിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam