ആലപ്പുഴയുടെ തീരത്ത് കടൽക്ഷോഭം രൂക്ഷം; വീടുകള്‍ തകര്‍ന്നു, ഗതാഗതം മുടങ്ങി

By Web TeamFirst Published Jul 19, 2020, 7:07 PM IST
Highlights

ഇതുപോലൊരു കടൽക്ഷോഭം ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് തീരവാസികൾ പറയുന്നു കണ്ടെയ്‌മെന്റ് സോൺ ആയതിനാൽ പലരും നിരീക്ഷണത്തിൽ ഇരിക്കുന്ന സാഹചര്യത്തിൽ ആരുടെ വീട്ടിൽ അഭയം പ്രാപിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

ഹരിപ്പാട്: കൊവിഡിനെ തുടർന്ന് കണ്ടെയ്ൻറ്മെൻറ് സോണുകളായ ജില്ലയുടെ തീരത്ത് ശക്തമായ കടൽക്ഷോഭം. ഹരിപ്പാട് പടിഞ്ഞാറ് ഭാഗത്ത് നിരവധി വീടുകൾ തകർന്നു. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, അമ്പലപ്പുഴ ഭാഗത്ത് പടുകൂറ്റൻ തിരമാലയാണ് അടിച്ചുകയറിയത്. ഇതുപോലൊരു കടൽക്ഷോഭം ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് തീരവാസികൾ പറയുന്നു. കണ്ടെയ്‌മെന്റ് സോൺ ആയതിനാൽ പലരും നിരീക്ഷണത്തിൽ ഇരിക്കുന്ന സാഹചര്യത്തിൽ ആരുടെ വീട്ടിൽ അഭയം പ്രാപിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. 

ഇന്നലെ രാവിലെ മുതൽ ആരംഭിച്ച ശക്തമായ കടലേറ്റം മൂലം അഞ്ച് വീടുകൾ പൂർണ്ണമായും തകർന്നു. ഇരുനൂറോളം വീടുകളിൽ വെള്ളം കയറി. തിരമാല അടിച്ച് യാത്രികർ പലരും അപകടത്തിൽ പെട്ടു. മണ്ണ് മൂടിയതിനാൽ തീരദേശ റോഡിലൂടെയുള്ള ഗതാഗതം മുടങ്ങി. പലരുടെയും മൊബൈൽ ഫോണും, മറ്റവശ്യ വസ്തുക്കളും നഷ്ടപെട്ടു. ആറാട്ടുപുഴ മംഗലം കുറിച്ചിക്കൽ മുതൽ ആറാട്ടുപുഴ എകെജി നഗർ വരെയുള്ള തീരം കടൽ ഭാഗീകമായി കവർന്നെടുത്തു. പലരുടെയും വീട്ടിലിനുള്ളിൽ വെള്ളം കയറി കെട്ടി നിൽക്കുകയാണ്. 

മംഗലം കുറിച്ചിക്കൽ ഭാഗത്തുള്ള പല വീട്ടിലുമാണ് കടൽ വെള്ളം കയറിയത്. വീട്ടുകാർ വീട്ടുപകരണം ഇട്ടെറിഞ്ഞു തീരദേശ പാതയിൽ നിലയുറപ്പിച്ചു. ആറാട്ടുപുഴ എംഇഎസ്, എ സി പള്ളി, ബസ്സ്റ്റാൻഡ് എ കെ ജി നഗർ കള്ളിക്കാട് നല്ലാണിക്കൽ, വട്ടച്ചാൽ, എന്നിവിടങ്ങളിൽ അതിരൂക്ഷമായാണ് കടൽക്ഷോഭം. ആറാട്ടുപുഴ കുഞ്ഞാക്കാന്റെ ബജ്ജി കട കടൽ ക്ഷോഭത്തിൽ ഭാഗീകമായി തകർന്നു. ആഷിക്ക് മൻസിൽ ഹാഷിം, ഈരേശേരിൽ ഷരീഫ്, അൽ അമീൻ മൻസിൽ നവാസ് സഖാഫി എന്നിവരുടെ മതിൽ പൂർണ്ണമായും തകർന്നു. 

മണിപ്പറമ്പിൽ പലചരക്കു കടയിൽ തിരമാല അടിച്ച് ലക്ഷം രൂപയുടെ പലചരക്കു സാധനം ഒലിച്ചുപോയി. തൊട്ടടുത്തുള്ള തൈശേരിൽ ഹാഷിമിന്റെ ഉദ്ഘാടനം ചെയ്യാനിരുന്ന കൺഫർട്ട് ഓഫീസ് ചെയർ ഷോപ്പിലും കടൽ വെള്ളം കയറി ചെയറുകളും മറ്റുപകരണങ്ങളും നശിച്ചു. മുട്ടിത്തറയിൽ സൈഫിന്റെ പച്ചക്കറി കട കടൽക്ഷോഭത്തിൽ ഭാഗീകമായി തകർന്നു. പച്ചകറികൾ നഷ്ടപെട്ടു. തിരമാല അടിച്ചു സീവാളും, അവശിഷ്ടങ്ങളും, കരിമണ്ണും തീരപാതയിൽ ഇരച്ചുകയറി ഗതാഗതം തടസപ്പെട്ടു. ഗതാഗതം സഞ്ചാരയോഗ്യമാക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രവർത്തനം നടക്കുകയാണ്. 

നല്ലാണിക്കലിൽ പലരുടെയും വീട് ഭാഗീകമായി തകർന്നു. തൃക്കുന്നപ്പുഴ പഞ്ചായത്തിൽ പല്ലന, പാനൂർ, പള്ളിപ്പാട്ട് മുറി, മതുക്കൾ ജങ്ഷൻ, തൃക്കുന്നപ്പുഴ, മൂത്തേരി, പ്രണവം, പതിയാങ്കര എന്നിവിടങ്ങളിലും കടലേറ്റം രൂക്ഷമാണ്. ഇവിടങ്ങളിലുള്ളവർ ഭീതിയിലാണ്. കാർത്തികപ്പള്ളി തഹ്സീദാർ എത്തിയെങ്കിലും തല്‍ക്കാലം ബന്ധു വീടുകളിൽ അഭയം തേടാനും നാശനഷ്ടങ്ങൾ വന്നവർക്ക് സഹായം നല്‍കുമെന്നും തീരവാസികളോട് അദ്ദേഹം പറഞ്ഞു. 

click me!