
മലപ്പുറം: വില്‍പനയ്ക്കായി കൈവശം വെച്ച 6.25 ഗ്രാം മെത്താഫിറ്റമിനുമായി കുരാട് തെക്കുംപുറം സ്വദേശി അബ്ദുല്‍ ലത്തീഫിനെ (27) വണ്ടൂര്‍ പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടി. ടൗണും പരിസരങ്ങളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തുന്നുണ്ടെന്ന് സി ഐ സംഗീത് പുനത്തിലിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. എസ് ഐ ആന്റണി ക്ലീറ്റസിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
നേരത്തെ 40 ഗ്രാം എംഡിഎംഎയുമായി പിടിയിലായ അബ്ദുല്‍ ലത്തീഫ് ജാമ്യത്തിലിറങ്ങി വീണ്ടും മയക്കുമരുന്ന് കച്ചവടം നടത്തുന്നുണ്ട് എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഗ്രാമിന് 3500 രൂപ നിരക്കിലാണ് പ്രതി മെത്താഫിറ്റാമിന്‍ വില്‍പന നടത്തിയിരുന്നത്.
കാറുടമയില്‍ നിന്ന് 22,000 രൂപ തട്ടിയെടുത്ത കേസില്‍ അടുത്തിടെയാണ് പ്രതി ജാമ്യത്തിലിറങ്ങിയത്. എസ്.ഐ വികെ പ്രദീപ്, സീനിയര്‍ സിപിഒ സനീഷ് കുമാര്‍, സ്‌ക്വാഡ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി നിബിന്‍ദാസ്, ജിയോ ജേക്കബ്, കെ സജീഷ്, കൃഷ്ണദാസ്, സാബിര്‍ അലി, സി കെ സജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.