
ഇടുക്കി: ഇടുക്കി അണക്കെട്ടിലെ സുരക്ഷ കൂടുതൽ വർദ്ധിപ്പിച്ചതായി എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ. സുരക്ഷാ ക്രമീകരണങ്ങളെ സംബന്ധിച്ച് ഡിഐജിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. താഴുകളിട്ടു പൂട്ടിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഇടുക്കി എസ്.പി വി.യു കുര്യാക്കോസും പറഞ്ഞു.
ജൂലൈ 22നാണ് ഇടുക്കി അണക്കെട്ടിന്റെ അതീവ സുരക്ഷാ മേഖലയിൽ കടന്ന് ഒറ്റപ്പാലം സ്വദേശി പതിനൊന്നിടത്ത് താഴികളിട്ടു പൂട്ടിയത്. ചെറുതോണി അണക്കെട്ടിൻന്റെ ഷട്ടർ ഉയർത്തുന്ന ഉരുക്കു വടത്തിൽ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തു. പ്രതിയെ തിരച്ചറിഞ്ഞിട്ടുണ്ടെന്നും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയതായും ഇടുക്കി എസ്.പി വ്യക്തമാക്കി. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് ബന്ധുക്കൾ പേലീസിനോട് പറഞ്ഞത്. കേസിൽ തീവ്രവാദ ബന്ധത്തിന് നിലവിൽ തെളിവുകളില്ലെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
തീവ്രവാദ ബന്ധം ഉൾപ്പെടെ സംശയം ഉയർന്ന സാഹചര്യത്തിലാണ് എറണാകുളം റേഞ്ച് ഐജി നേരിട്ടെത്തി സുരക്ഷ വിലയിരുത്തിയത്. വിദേശത്തു നിന്നെത്തിയ ഒറ്റപ്പാലം സ്വദേശി പത്തു ദിവസത്തോളം വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയതായി പോലീസ് പരിശോധനയിൽ കണ്ടെത്തി. ഇവിടങ്ങിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. ചെറുതോണിയിൽ നിന്നും കൂടുതൽ താഴുകൾ വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.
വിദേശത്തു നിന്നും ഇയാളെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്താലേ കൃത്യമായ ലക്ഷ്യം മനസ്സിലാക്കാൻ കഴിയൂ. ഇതിനായി ഉടൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. അണക്കെട്ടിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ കെഎസ്ഇബി ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം അടുത്ത ദിവസം നടക്കും.
ഒറ്റപ്പാലം സ്വദേശി മുഹമ്മദ് നിയാസാണ് കേസിലെ പ്രതി. ഇയാൾ ഡാമിൽ കടന്ന സമയത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ആറ് പൊലീസുകാരെ ഇന്നലെ സസ്പെന്റ് ചെയ്തിരുന്നു. ഇടുക്കി ആർ ക്യാമ്പിലെ പോലീസുകാരായ രാജേഷ് കെ, ബിനോജ് വി എ, അബ്ദുൾ ഗഫൂർ, സുരേന്ദ്രൻ പി ആർ, അജേഷ് കെ ജി, മനു ഒ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. സന്ദർശകരെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് കടത്തി വിടേണ്ടത്. എന്നാൽ മുഹമ്മദ് നിയാസിനെ പരിശോധനകൾ ഇല്ലാതെ കടത്തി വിട്ടുവെന്ന് അഡീഷണൽ എസ്‌പി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിന് ശേഷം പ്രതി വിദേശത്തേക്ക് കടന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam