
തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇനി ബാഗുകളുമായി വരേണ്ട. സുരക്ഷയുടെ ഭാഗമായാണ് പൂരപ്രേമികള്‍ ബാഗുകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത്. ഇക്കാര്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാറും ഉദ്യോഗസ്ഥരും പൊലീസും രംഗത്തിറങ്ങും. പൂരം വെടിക്കെട്ടിന് കൂടുതല്‍ ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്താനും മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ദേവസ്വം അധികൃതരുടെയും സംയുക്തയോഗം തീരുമാനിച്ചു. സുരക്ഷാക്രമീകരണങ്ങള്‍ നല്ല നിലയില്‍ ഏര്‍പ്പെടുത്താനുള്ള ആസൂത്രണമാണ് യോഗം കൈകൊണ്ടിരിക്കുന്നത്.
നഗരത്തില്‍ സിസിടിവി ക്യാമറകള്‍ കൂടുതലായി സ്ഥാപിക്കും. സന്ദര്‍ശകര്‍ക്ക് സുഗമമായി വെടിക്കെട്ട് കാണാനുള്ള എല്ലാ സൗകര്യവും ഏര്‍പ്പെടുത്തും. ദുരന്ത നിവാരണ പദ്ധതിയുടെ ഭാഗമായി എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തി മോക്ഡ്രില്‍ നടത്തും. ഓരോ വെടിക്കെട്ടിലും ഉപയോഗിക്കുന്ന കരിമരുന്നിന്‍റെ അളവ് എത്രയെന്ന് പ്രത്യേകമായി രേഖപ്പെടുത്തി ജില്ലാ കളക്ടര്‍ക്ക് നല്‍കാന്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വെടിക്കെട്ട് നടത്തുന്ന വിദഗ്ദ തൊഴിലാളികളുടെ പൂര്‍ണമായ പേരുവിവരവും കളക്ടര്‍ക്ക് നല്‍കണം.
വെടിക്കെട്ട് സ്ഥലത്ത് നിയോഗിക്കപ്പെടുന്ന വളണ്ടിയര്‍മാരും കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ തിളങ്ങുന്ന ജാക്കറ്റ് നിര്‍ബന്ധമായി ധരിച്ചിരിക്കണമെന്ന് എക്‌സ്‌പ്ലോസീവ്‌സ് അധികൃതര്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴചയും ഉണ്ടാവില്ല. വളണ്ടിയര്‍മാരുടെ പട്ടിക നേരത്തെ തന്നെ കളക്ടര്‍ക്ക് നല്‍കണം. ജാക്കറ്റും തിരിച്ചറിയല്‍ കാര്‍ഡുമില്ലാത്ത വളണ്ടിയര്‍മാരെ വെടിക്കെട്ട് സ്ഥലത്തേക്ക് ഒരു കാരണവശാലും പ്രവേശിപ്പിക്കില്ല.
ഷെഡില്‍ത്തന്നെ കരിമരുന്ന് സൂക്ഷിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി. പൊലീസ് സുരക്ഷയുടെ ഭാഗമായി, ഇലഞ്ഞിത്തറ മേളത്തിനായി ക്ഷേത്രത്തിലേക്ക് എത്തുന്നവരെ മെറ്റല്‍ ഡിറ്റക്റ്ററിലൂടെ മാത്രമേ കടത്തിവിടൂ. ഘടകപൂരങ്ങളുടെ ഭാഗമായി എത്തുന്നവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. പൂരപ്പറമ്പില്‍ സ്ഥാപിച്ച വാട്ടര്‍ ഹൈഡ്രന്‍റുകള്‍ വാട്ടര്‍ അതോറിറ്റിയും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ടി വി അനുപമ, സിറ്റി പൊലീസ് കമീഷണര്‍ യതീഷ് ചന്ദ്ര, കേരള എക്‌സ്‌പ്ലോസീവ്‌സ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഡോ. ആര്‍ വേണുഗോപാല്‍ തുടങ്ങിയവരും സംബന്ധിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam