സീസിംഗ് ജോസ് ഒടുവിൽ വലയിൽ; ഹൈവേ യാത്രക്കാരുടെ പേടി സ്വപ്നം, വട്ടപ്പേരിന് പിന്നിലെ കഥയിങ്ങനെ

By Web TeamFirst Published Jan 21, 2022, 1:38 PM IST
Highlights

വർഷങ്ങൾക്ക് മുമ്പ് റിസോർട്ട് ഉടമയെ കൊലപ്പെടുത്തിയ കേസിൽ ജോസിനെ അറസ്റ്റ് ചെയ്തെങ്കിലും തെളിവില്ലാത്തതിനെ തുടർന്ന് വെറുതെവിടുകയായിരുന്നു. സീസിംഗ് ജോസിന്റെ കൂടെ പിടിയിലായ സഹായി ഷൗക്കത്തിന്റെ പേരിൽ രണ്ടു വർഷം മുമ്പ് നടന്ന  ഹൈവേ കൊള്ളയുമായി ബന്ധപ്പെട്ട തിരുനെല്ലി പൊലീസ് സ്റ്റേഷനിൽ കേസുണ്ട്

സുൽത്താൻ ബത്തേരി: കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയെന്ന് കരുതുന്ന ഗുണ്ടാത്തലവൻ സീസിംഗ് ജോസ് കുടുക്കിയത് ആന്ധ്ര പൊലീസിന്റെ സഹായത്തോടെ. മാസങ്ങൾക്ക് മുമ്പ് സുൽത്താൻ ബത്തേരി വട്ടത്തിമൂല കോളനിയിലെ വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിലെ ഒളിവിലായിരുന്ന പ്രധാന പ്രതിയെയാണ് പൊലീസ് പിടികൂടിയത്. ബത്തേരി ദൊട്ടപ്പൻകുളം സ്വദേശി പുൽപ്പാറയിൽ പി യു ജോസ് എന്ന സീസിംഗ് ജോസ് (51) ആണ് അറസ്റ്റിലായത്.

ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച മലപ്പുറം തിരൂർ അയ്യായ സ്വദേശി മുണ്ടക്കര സദക്കത്തുള്ള എന്ന ഷൗക്കത്ത്(44), തമിഴ്നാട് ബുധർനഗർ കാർത്തിക് മോഹൻ(32) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആന്ധ്രയിലെ കക്കിനട എന്ന സ്ഥലത്തുവെച്ചാണ് പ്രതികളെ പൊലീസ് വലയിലാക്കിയത്. ഇവർ ഉപയോഗിച്ചിരുന്ന വാഹനവും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ബത്തേരി എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ആന്ധ്ര പൊലീസിന്റെ സഹായത്തോടെയാണ് മൂന്ന് പേരെയും പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ആന്ധ്രാ പ്രദേശിലേക്ക് തിരിക്കുകയായിരുന്നു. ഇവിടെ കക്കിനടയിലെ ഒരു ലോഡ്ജിലായിരുന്നു മൂവരും ഉണ്ടായിരുന്നത്. ബത്തേരി എസ് ഐ ജെ ഷജീമിന്റെ നേതൃത്വത്തിൽ എഎസ്ഐ കെ വി. അനീഷ്, സിപിഒമാരായ എം എ അനസ്, ആഷ്ലിൻ, സന്തോഷ്, ഹോംഗാർഡ് വിനീഷ് എന്നിവരാണ് പ്രതികളെ തേടിപോയത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മൂന്നിനാണ് സുൽത്താൻ ബത്തേരി വട്ടത്തിമൂല കോളനിയിലെ കെ  കൃഷ്ണൻകുട്ടിയുടെ വീട്ടിൽ നിന്നും നൂറ്റിരണ്ടര കിലോ കഞ്ചാവ് പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി പൊലീസും ജില്ലാ നാർകോട്ടിക് ഡിവൈഎസ്പിയും സംഘവും സംയുക്തമായായിരുന്നു പരിശോധന നടത്തിയത്. അന്നുതന്നെ വീട്ടുടമയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, കഞ്ചാവ് സൂക്ഷിക്കാനായി എത്തിച്ചുനൽകിയ പി യു ജോസിനെ പിടികൂടാൻ സാധിച്ചിരുന്നില്ല. കഞ്ചാവ് ഇവിടേക്ക് എത്തിക്കാൻ സഹായം ചെയ്ത മനോജ് അപ്പാട് എന്നയാളെയും കഴിഞ്ഞമാസം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. പ്രധാന പ്രതിയായ ജോസ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു.

ഇയാളുടെ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ പലപ്പോഴും തമിഴ്നാട്, കർണാടക എന്നിങ്ങനെയായിരുന്നു ലഭിച്ച വിവരം. ഒടുവിലാണ് ആന്ധ്രയിലുണ്ടന്ന വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് പിടികൂടി അഞ്ച് മാസങ്ങൾക്ക് ശേഷം പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തത്. പിടിയിലായ സീസിംഗ് ജോസ് വയനാട്ടിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനകണ്ണിയാണന്നും ജില്ലയിലേക്ക് സിന്തറ്റിക് ഡ്രഗ്സ് എത്തുന്നതിലും ഇയാൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും ജില്ലാ പൊലിസ് മേധാവി അർവിന്ദ് സുകുമാർ പറഞ്ഞു. നേരത്തെ ഓട്ടോ ഡ്രൈവറായിരുന്ന പുൽപ്പാറ ജോസ് അടവു തെറ്റുന്ന വണ്ടികൾ പിടിച്ചെടുക്കുന്ന ക്വട്ടേഷനുകൾ ഏറ്റെടുത്തതോടെയാണ് സീസിംഗ് ജോസെന്ന പേര് വീണത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

സീസിംഗ് ജോസിന്റെ പേരിലുള്ളത് 19 കേസുകൾ

വട്ടത്തിമൂലയിലെ വീട്ടിൽ നിന്ന് നൂറ്റിരണ്ടര കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ പ്രധാന പ്രതി പി യു ജോസ് എന്ന സീസിംഗ് ജോസ്(51)ന്റെ പേരിൽ 19 കേസുകളാണ് ഉള്ളത്. ഇതിൽ 18 എണ്ണം പൊലീസ് കേസുകളും ഒന്ന് വനംവകുപ്പ് കേസുമാണ്. 14 കേസുകൾ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ തന്നെയാണ്.

കോഴിക്കോട്, തിരുനെല്ലി, പടിഞ്ഞാറത്ത എന്നിവിടങ്ങളിൽ ഓരോ കേസുകളുണ്ട്. കൂടാതെ അതിർത്തി കടന്ന് കർണാടകയിലെ വേളൂർ സ്റ്റേഷൻ പരിധിയിലും ഒരു കേസുണ്ട്. പൊലീസ് കേസിൽ നാല് എണ്ണം ദേശീയപാത കേന്ദ്രീകരിച്ചുള്ള കൊള്ളകളാണ്. സ്ഫോടക വസ്തുക്കൾ സൂക്ഷിക്കൽ, അടിപിടി, ലഹരി കേസുകളാണ് മറ്റുള്ളവ.

ബത്തേരി കുപ്പാടി ഫോറസ്റ്റ് സ്റ്റേഷന് കീഴിലും ഇയാളുടെ പേരിൽ ഒരു കേസുണ്ട്. വർഷങ്ങൾക്ക് മുമ്പ് റിസോർട്ട് ഉടമയെ കൊലപ്പെടുത്തിയ കേസിൽ ജോസിനെ അറസ്റ്റ് ചെയ്തെങ്കിലും തെളിവില്ലാത്തതിനെതുടർന്ന് വെറുതെവിടുകയായിരുന്നു. സീസിംഗ് ജോസിന്റെ കൂടെ പിടിയിലായ സഹായി ഷൗക്കത്തിന്റെ പേരിൽ രണ്ടു വർഷം മുമ്പ് നടന്ന  ഹൈവേ കൊള്ളയുമായി ബന്ധപ്പെട്ട തിരുനെല്ലി പൊലിസ് സ്റ്റേഷനിൽ കേസുണ്ട്. ഷൗക്കത്തും, പിടിയിലായ മറ്റൊരു സഹായി കാർത്തിക് മോഹനും കഞ്ചാവ് വയനാട്ടിലേക്ക് എത്തിക്കാൻ ജോസിനെ സഹായിച്ചിരുന്നതായും പൊലിസ് പറഞ്ഞു.

പ്രതികൾ സഞ്ചരിച്ചിരുന്നത് രഹസ്യ അറകളുള്ള വാഹനത്തിൽ

കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രധാനപ്രതിയും സഹായികളും യാത്ര ചെയ്യാൻ ഉപയോഗിച്ചിരുന്നത് രഹസ്യ അറകളുള്ള വാഹനമായിരുന്നെന്ന് പൊലീസ്. ഷെവർലേ വാഹനത്തിന്റെ പിൻസീറ്റിൽ അടിഭാഗത്തും ചാരി ഇരിക്കുന്ന ഭാഗത്തുമാണ് രഹസ്യ അറകൾ ഉള്ളത്. പണം, ലഹരി അടക്കമുള്ള സാധനങ്ങൾ കടത്താനായാണ് രഹസ്യ അറകൾ ഉപയോഗിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഈ വാഹനത്തിലാണ് പി യു ജോസ് ആന്ധ്രയിൽ യാത്രചെയ്തിരുന്നത്.

click me!