Anakkampoyil Kalladi tunnel : വയനാട് തുരങ്കപാതയില്‍ സര്‍ക്കാരിനെ പിന്തുണച്ച് ടി സിദ്ധിഖ്

By Web TeamFirst Published Jan 21, 2022, 2:26 PM IST
Highlights

ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഈ നിലപാടിന് കടകവിരുദ്ധമായാണ് ടി. സിദ്ദിഖ് എം.എല്‍.എ ബുധനാഴ്ച നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സ്വീകരിച്ച നിലപാട്. 

കല്‍പ്പറ്റ: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭീമന്‍ വികസന പദ്ധതികളിലൊന്നായ ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാതക്ക് പിന്തുണയുമായി ടി. സിദ്ധീഖ് എം.എല്‍.എ. നാടിന് പ്രധാനപ്പെട്ട വികസനപദ്ധതിയാണ് തുരങ്കപാതയെന്ന് വ്യക്തമാക്കിയ എം.എല്‍.എ അത് നടപ്പാക്കുമ്പോള്‍ പിന്തുണ നല്‍കുമെന്നും സൂചിപ്പിച്ചു. പാതയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ഉണ്ട്. എന്നാല്‍ അനുബന്ധ റോഡുകള്‍ക്കുള്ള സ്ഥലമെടുപ്പ് കൂടി പൂര്‍ത്തിയാക്കിയതിന് ശേഷം പദ്ധതി നടപ്പാക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് എം.എല്‍.എ സൂചിപ്പിച്ചു. 

പ്രായോഗികത സംബന്ധിച്ച കാര്യങ്ങളെല്ലാം പരിശോധിക്കേണ്ടത് സര്‍ക്കാരാണെന്നും ടി. സിദ്ധീഖ് പറഞ്ഞു. കഴിഞ്ഞ ദിവസം കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലായിരുന്നു തുരങ്കപാതയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാടാണ് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ സ്വീകരിക്കുന്നത്. തുരങ്കപാതയെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ടതില്ലെന്നും ചുരംറോഡ് വീതികൂട്ടിയാല്‍ തീരുന്ന പ്രശ്‌മെയുള്ളുവെന്നും അദ്ദേഹം ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു. 

തുരങ്കപാതക്കുള്ള മുതല്‍മുടക്ക് ചുരം വീതികൂട്ടി നവീകരിക്കാന്‍ വേണ്ടിവരില്ലെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. മുമ്പും ഇദ്ദേഹം തുരങ്കപാതക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. തികച്ചും അപ്രായോഗികവും ഭാരിച്ച സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതുമായ പദ്ധതിയാണ് തുരങ്കപാതയെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി കോണ്‍ഗ്രസ് രംഗത്തുവരുമെന്നും എന്‍.ഡി. അപ്പച്ചന്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 31ന് വ്യക്തമാക്കിയിരുന്നു. 

ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഈ നിലപാടിന് കടകവിരുദ്ധമായാണ് ടി. സിദ്ദിഖ് എം.എല്‍.എ ബുധനാഴ്ച നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സ്വീകരിച്ച നിലപാട്. പരിസ്ഥിതി ദുര്‍ബല പ്രദേശത്തുകൂടി മലതുരന്ന് പാത നിര്‍മിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്നും നിലവിലെ ചുരംപാത വീതികൂട്ടലോ ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബദല്‍പാത പ്രാവര്‍ത്തികമാക്കുന്നതോ ബദലായി സ്വീകരിക്കണമെന്നും ജില്ല കോണ്‍ഗ്രസ് കമ്മിറ്റി നിലപാട് എടുക്കുകയാണ്. ഈ സമയത്താണ് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൂടിയായ എം.എല്‍.എ എല്‍.ഡി.എഫ് സര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത്. വികസന കാര്യത്തില്‍ പ്രദേശവാസികളായ ജനങ്ങളുടെ കൂടെ നിന്ന് പരിസ്ഥിതിക്ക് ദോഷകരമാകാത്ത രീതിയില്‍ വികസനം വരിക എന്നുള്ളതാണ് തന്റെ മുന്നിലെ പ്രധാന അജണ്ടയെന്ന് ടി. സിദ്ധീഖ് പറയുന്നു. 

അതേ സമയം തുരങ്കപാത പാരിസ്ഥിതികമായി നാടിന് ദോഷമാണെന്ന് പഠനത്തില്‍ തെളിഞ്ഞാല്‍ നിലപാട് മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  തുരങ്കപാത പൂര്‍ത്തീകരിക്കുന്ന സമയത്ത് കണക്ടിവിറ്റി റോഡും അനുബന്ധ പാതകളും ഏറ്റെടുക്കണമെന്ന് കഴിഞ്ഞ ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടന്ന കിഫ്ബി യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എല്‍.എ വ്യക്തമാക്കുന്നു. 2020 ഒക്ടോബര്‍ 13നാണ് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച വയനാട് തുരങ്കപാതയെന്ന ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത പദ്ധതി നിര്‍മ്മാണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിന് മുമ്പായിരുന്നു ഉദ്ഘാടനം. ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ളതാണെന്ന ആരോപണമുയര്‍ത്തി യു ഡി എഫ് അന്ന് രംഗത്തുവന്നിരുന്നു. എന്നാല്‍ ഇതേ പദ്ധതിയെ ചൊല്ലിയാണ് കോണ്‍ഗ്രസിലെ രണ്ട് നേതാക്കള്‍ വ്യത്യസ്ത നിലപാടുകളുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

click me!