
കല്‍പ്പറ്റ: കോഴിയിറച്ചി കിലോഗ്രാമിന് 140 രൂപക്ക് വില്‍ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നഷ്ടക്കച്ചവടത്തിലേക്ക് നയിക്കുന്നതായി വയനാട്ടിലെ വ്യാപാരികള്‍. നിര്‍ദ്ദേശം പ്രായോഗികമല്ലെന്ന് ഓള്‍ കേരള ചിക്കന്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി വ്യക്തമാക്കി.
അധികൃതര്‍ നിശ്ചയിച്ച വിലക്ക് വില്‍ക്കുന്നതില്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടില്ല. എന്നാല്‍ ഈ വിലയ്ക്ക് വില്‍ക്കാന്‍ മൊത്ത വ്യാപാരികളില്‍ നിന്ന് കോഴി ലഭ്യമല്ല. ചെറുകിട കടകളില്‍ ജീവനുള്ള കോഴിയെ ഇറക്കുമ്പോള്‍ കിലോക്ക് ഇന്നലത്തെ വില പ്രകാരം 102 രൂപ വരും. അവശിഷ്ടങ്ങളെല്ലാം കളഞ്ഞ് ഇറച്ചിയാക്കുമ്പോള്‍ കിലോ ഇറച്ചിക്ക് ഏറ്റവും കുറഞ്ഞത് 153 രൂപയെങ്കിലുമാകും. ഇതാണ് നഷ്ടം സഹിച്ച് 140 രൂപക്ക് വില്‍ക്കണമെന്ന് സര്‍ക്കാര്‍ പറയുന്നത്.
സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവുകളും തൊഴിലാളികളുടെ ശമ്പളവുമെല്ലാം കൂട്ടിയാല്‍ കിലോക്ക് 170 രൂപയില്‍ കുറച്ച് വില്‍ക്കാന്‍ കഴിയില്ല. ജില്ലയിലേക്ക് അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് കോഴി കൊണ്ട് വരുന്നത്. ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ ദിനംപ്രതി വില ഉയരുകയാണ്. ഇതിനെ ആശ്രയിച്ചാണ് കേരളത്തിലെ ഫാമുകള്‍ വില നിശ്ചയിക്കുന്നത്.
ലോക്ഡൗണ്‍ കാലത്തെ ചരക്കുഗതാഗത പ്രശ്‌നങ്ങളും അനിയന്ത്രിതമായ വിലക്കയറ്റവും കോഴിവ്യാപാരത്തെ ബാധിച്ചിട്ടുണ്ട്. ജില്ലാ സപ്ലൈ ഓഫീസില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കോഴിവ്യാപാരി പ്രതിനിധികള്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ചുണ്ടിക്കാട്ടിയെങ്കിലും ഇതൊന്നും കണക്കിലെടുക്കാതെയാണ് 140 രൂപ നിശ്ചയിച്ചത്. ജില്ലയിലെ 1000-ല്‍പരം കോഴിഫാമുകളില്‍നിന്നുള്ള കോഴികളും വിറ്റഴിയുന്നത് ചെറുകിടവ്യാപാരമേഖലയില്‍ക്കൂടിയാണ്. അധികൃതരുടെ പ്രായോഗിക ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് സംഘടന ഭാരവാഹികള്‍ അറിയിച്ചു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam