കൊല്ലം കൊട്ടിയത്ത് വിൽപ്പനയ്ക്ക് എത്തിച്ച അഞ്ച് ലക്ഷം രൂപയുടെ വ്യാജ സിഗരറ്റുമായി രണ്ട് പേർ പിടിയിലായി. ഐടിസി കമ്പനിയുടെ വ്യാജ ലേബൽ പതിച്ച സിഗരറ്റുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. 

കൊല്ലം: കൊട്ടിയത്ത് വിൽപ്പനയ്ക്ക് എത്തിച്ച വ്യാജ സിഗരറ്റുമായി രണ്ട് പേർ പിടിയിൽ. വിപണിയിൽ അഞ്ച് ലക്ഷം രൂപ വിലവരുന്ന സിഗരറ്റുകളാണ് ഉമയനല്ലൂർ സ്വദേശി സുധീർ, ഇരവിപുരം സ്വദേശി നൗഷാദ് എന്നിവരിൽ നിന്ന് പിടിച്ചെടുത്തത്. വ്യാജ ലേബൽ പതിച്ച പാക്കറ്റുകളിൽ നിറച്ചാണ് സിഗറ്റുകൾ വിപണിയിൽ എത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

ഐടിസി കമ്പനിയുടെ വ്യാജ ലേബലിൽ ഉള്ള സിഗരറ്റ് കൊല്ലം ജില്ലയിൽ വിൽപ്പന നടക്കുന്നതായി കമ്പനി അധികൃതർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. കൊട്ടിയം ഭാഗത്ത് വ്യാപകമായി വ്യാജ സിഗരറ്റുകൾ എത്തുന്നുവെന്നായിരുന്നു കമ്പനി അറിയിച്ചത്. തുടർന്ന് കൊട്ടിയം എസ്എച്ച്ഒ പ്രദീപിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ഉമയനല്ലൂർ പട്ടരുമുക്കിൽ വച്ച് രണ്ട് പ്രതികൾ പിടിയിലായി. വ്യാജ സിഗരറ്റും ഇത് കടത്താൻ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു.

145 പാക്കറ്റ് വ്യാജ സിഗരറ്റ് ആണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. കംബോഡിയയിൽ നിന്നാണ് വ്യാജ സിഗരറ്റുകൾ എത്തുന്നത്. മലയാളികൾക്കൊപ്പം ഇതര സംസ്ഥാന തൊഴിലാളികളെയും വിൽപനക്കാർ ലക്ഷ്യമിടുന്നു. വൻ ശൃംഖലയിലെ രണ്ട് കണ്ണികൾ മാത്രമാണ് പിടിയിലായത്.

YouTube video player