തിരുവനന്തപുരം കോവളം ലൈറ്റ്ഹൗസ് ബീച്ചിന് സമീപം കടലാമയെ ചത്തടിഞ്ഞ നിലയിൽ കണ്ടെത്തി. ശരീരത്തിൽ മുറിവുകളുള്ള ആമയുടെ ജഡത്തിനൊപ്പം ചെറു മത്സ്യങ്ങളും ഞണ്ടുകളും കരയ്ക്കടിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം: കോവളം വിനോദ സഞ്ചാര കേന്ദ്രത്തോട് ചേർന്ന് കടലാമ ചത്തടിഞ്ഞു. ഒപ്പം ചെറു മത്സ്യവും ഞണ്ടുകളും കരയ്ക്കടിഞ്ഞിട്ടുണ്ട്. ഇന്നലെ രാവിലെയോടെ ലൈറ്റ്ഹൗസ് ബീച്ചിന് സമീപമായിരുന്നു. ആമ ചത്തടിഞ്ഞത്. പ്രദേശത്ത് നിരവധി വിനോദ സഞ്ചാരികൾ കുളിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് പ്രദേശവാസി കടലാമയെ ചത്തനിലയിൽ കണ്ടെത്തിയത്.
ഇതിൻ്റെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. കപ്പലുകളിലെയോ മറ്റ് ബോട്ടുകളിലെയോ പ്രൊപ്പല്ലറുകൾ തട്ടിയാകും പരിക്ക് പറ്റിയതെന്നാണ് വിലയിരുത്തൽ. കോവളം പൊലീസ് വനം വകുപ്പിനെ വിവരമറിയിച്ച ശേഷം ജഡം മറവ് ചെയ്തു.ഒരാഴ്ചയ്ക്കിടയിൽ രണ്ടാം തവണയാണ് കടലാമ ചത്തടിയുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.


