
തൃശൂര്‍: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിഗിന്റെ പേരില്‍ 1,67,75,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. തമിഴ്‌നാട് തിരുനെല്‍വേലി കരിക്കത്തോപ്പ് സ്വദേശി ഷേയ്ക്ക് മുഹമ്മദ് അലി (29)യെ തിരുനെല്‍വേലിയില്‍നിന്നാണ് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലേറ്റുംകര സ്വദേശി താക്കോല്‍ക്കാരന്‍ വീട്ടില്‍ രാജു (61) വിനെ യാണ് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിഗിന്റെ പേരില്‍ പറ്റിച്ചത്. രാജുവിന്റെ അടുത്തുനിന്ന് 2025 ജനുവരി എട്ടാം തീയതി മുതല്‍ 2025 ഫെബ്രുവരി 14 വരെയുള്ള കാലയളവിലാണ് ബാങ്ക് അക്കൗണ്ടിൽ നിന്നും ഷേയ്ക്ക് മുഹമ്മന് അലി 1,67,75,000 തട്ടിയെടുത്തത്.
പരാതിക്കാരന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ഓണ്‍ലൈന്‍ ട്രെയ്ഡ് സംബന്ധമായ വീഡിയോകള്‍ കാണുന്നതിനിടെ ട്രെയ്ഡിങ്ങുമായി ബന്ധപ്പെട്ട ഒരു പരസ്യം കണ്ടു. പരസ്യത്തിലെ വിവിധ സ്റ്റോക്ക് ട്രെയ്ഡ് ടിപ്പ്‌സുകള്‍ കണ്ട് പരസ്യത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതതോടെ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ആഡ് ആയി. അതില്‍ ട്രെയ്ഡിങ്ങ് സംബന്ധമായ ടിപ്‌സുകള്‍ കാണുകയും കൂടുതല്‍ ലാഭകരമായ ട്രെയ്ഡിങ്ങ് നടത്തുന്നതിന് ഗ്രൂപ്പിലെ അഡ്മിനായ പ്രതി പരാതിക്കാരനെ ഫോണ്‍ വിളിച്ച് പണം ഇന്‍വെസ്റ്റ് ചെയ്ത് ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നല്കി. തുടര്‍ന്ന് വാട്ട്സ് ആപ്പ് വഴി ട്രേഡിങ്ങ് ചെയ്യുന്നതിനുള്ള ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള ലിങ്ക് അയച്ച് നല്‍കി, ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു.
പിന്നാലെ പലപ്പോഴായി പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടില്‍നിന്നും 1,06,75,000 (ഒരു കോടി ആറു ലക്ഷത്തി എഴുപത്തി അയ്യായിരം) രൂപ ഇന്‍വെസ്റ്റ് ചെയ്യിപ്പിച്ച്, ഇന്‍വെസ്റ്റ് ചെയ്ത പണവും ലാഭവും പിന്‍വലിക്കാനായി ശ്രമിച്ച പരാതിക്കാരനോട് സര്‍വീസ് ചാര്‍ജ് ഇനത്തില്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലാക്കി പരാതി നല്‍കിയത്. പരാതിക്കാരനില്‍നിന്നും തട്ടിയെടുത്ത പണത്തില്‍ ഉള്‍പ്പെട്ട 6,58,000 രൂപ പ്രതിയായ ഷേയ്ക്ക് മുഹമ്മദ് അലിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് വാങ്ങി മറ്റ് പ്രതികള്‍ക്ക് പിന്‍വലിച്ച് നല്‍കി.
അതിന് 15000 രൂപ കമ്മീഷന്‍ കൈപറ്റി തട്ടിപ്പ് സംഘത്തില്‍ ഉള്‍പ്പെട്ടതിനാണ് ഷേയ്ക്ക് മുഹമ്മദ് അലിയെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ സൈബര്‍ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. സുജിത്ത് പി.എസ്., ജി.എസ്.ഐ. കെ.വി. ജെസ്റ്റിന്‍, സി.പി.ഒമാരായ ശ്രീയേഷ് സി.എസ്., ആര്‍. ശബരീനാഥ്, ടി.പി. ശ്രീനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.