
മാരാരിക്കുളം: ബാറിൽ മദ്യപിക്കാനെത്തിയ ചെറുപ്പക്കാരെ ഭീകരമായി മർദിച്ച കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ. ചേർത്തല താലൂക്ക് മാരാരിക്കുളം വടക്ക് പഞ്ചായത്ത് വാർഡ് 18-ൽ ചെത്തി പി ഒ-യിൽ 27 വയസ്സുള്ള 'ഡ്രാഗൺ അപ്പു' എന്ന് വിളിക്കുന്ന അമൽ പയസാണ് അറസ്റ്റിലായത്. ഒക്ടോബർ 30-ന് വൈകുന്നേരം 6: 45-നായിരുന്നു സംഭവം. ബാറിൽ മദ്യപിക്കാനെത്തിയവരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട പ്രതികൾ പുറത്തിറങ്ങിയ ചെറുപ്പക്കാരെ മർദിക്കുകയായിരുന്നു. രണ്ടാം പ്രതിയായ അമൽ പയസ് തന്റെ കൈവശമുണ്ടായിരുന്ന ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് നടത്തിയ മർദ്ദനത്തിൽ എറണാകുളം സ്വദേശിയുടെ തലയ്ക്ക് പരിക്കേൽക്കുകയും കൈവിരലുകൾക്ക് ഒടിവ് സംഭവിക്കുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ അമൽ പയസിനെ നവംബർ ആറിനാണ് മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്.
മാരാരിക്കുളം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മോഹിത് പി കെയുടെ നേതൃത്വത്തിൽ പൊലീസ് സബ്ബ് ഇൻസ്പെക്ടർ ചന്ദ്രബാബു, സിവിൽ പൊലീസ് ഓഫീസർമാരായ സുരേഷ് ആർ ഡി, അഭിലാഷ്, ബൈജു എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റൊരു പ്രതിയെക്കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും ഇതിലേക്കുള്ള അന്വേഷണം ഊർജ്ജിതമാക്കിയെന്നും മാരാരിക്കുളം പൊലീസ് അറിയിച്ചു.