മകളുടെ സ്കോളർഷിപ്പിന് കൈക്കൂലി, രണ്ട് വർഷം കൊടുത്തു; മൂന്നാം വട്ടം കുടുക്കി, ക്ലാർക്ക് അറസ്റ്റിൽ

Published : Dec 28, 2021, 01:29 PM IST
മകളുടെ സ്കോളർഷിപ്പിന് കൈക്കൂലി, രണ്ട് വർഷം കൊടുത്തു; മൂന്നാം വട്ടം കുടുക്കി, ക്ലാർക്ക് അറസ്റ്റിൽ

Synopsis

മൂന്നാർ സ്വദേശിയുടെ മകൾക്ക് പട്ടിക ജാതി വികസന ഡിപ്പാർട്ട്മെന്റിൽ നിന്ന് സ്കോളർഷിപ്പ് ലഭ്യമാക്കുന്നതിനുള്ള പേപ്പർ വർക്കുകൾ ചെയ്യുന്നതിലേക്ക് ഇടുക്കി ജില്ലാ പട്ടിക ജാതി വികസന ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കണമെന്നു പറഞ്ഞാണ് സീനിയർ ക്ലർക്കായ റഷീദ് കെ പനക്കൽ 60,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്

ഇടുക്കി: പട്ടിക ജാതി ഓഫീസിൽ നിന്ന് സ്കോളർഷിപ്പ് ലഭിക്കുന്നതിനുള്ള പേപ്പർ വർക്കുകൾ ചെയ്യുന്നതിന് മൂന്നാർ സ്വദേശിയിൽ നിന്നും 25,000 രൂപ കൈക്കൂലി (Bribe) വാങ്ങുന്നതിനിടെ ഇടുക്കി ജില്ലാ പട്ടിക ജാതി വികസന ഓഫീസിലെ സീനിയർ ക്ലാർക്ക് വിജിലൻസ് (Vigilance) പിടിയിൽ. തൊടുപുഴ, ഇടവെട്ടി വലിയജാരം പനക്കൽ വീട്ടിൽ റഷീദ് കെ പനക്കലിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. മൂന്നാർ സ്വദേശിയുടെ മകൾക്ക് പട്ടിക ജാതി വികസന ഡിപ്പാർട്ട്മെന്റിൽ നിന്ന് സ്കോളർഷിപ്പ് ലഭ്യമാക്കുന്നതിനുള്ള പേപ്പർ വർക്കുകൾ ചെയ്യുന്നതിലേക്ക് ഇടുക്കി ജില്ലാ പട്ടിക ജാതി വികസന ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കണമെന്നു പറഞ്ഞാണ് സീനിയർ  ക്ലർക്കായ റഷീദ് കെ പനക്കൽ 60,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.

അതിൽ 40,000 രൂപ അഡ്വാൻസായി വേണമെന്ന് പറയുകയും ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടുകൾ പറഞ്ഞപ്പോഴും അഡ്വാൻസ് തുക 25,000 രൂപ ആവശ്യപ്പെട്ടതോടെയാണ് പരാതിയുമായി മൂന്നാർ സ്വദേശി വിജിലൻസിനെ സമീപിച്ചത്. 2019ലും 2020ലും സ്കോളർഷിപ്പ് ലഭിച്ചപ്പോൾ ഇതുസംബന്ധിച്ച് പേപ്പർ വർക്കുകൾ ചെയ്തത് താനാണെന്നും അതിന് കൈക്കൂലി വേണമെന്നും റഷീദ് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് 2019ൽ 60,000 രൂപയും 2020 ൽ 50,000 രൂപയും ബാങ്ക് അക്കൗണ്ടിലേക്ക് കൈക്കൂലിയായി നൽകിയിരുന്നു.

ഇത്തവണയും സ്കോളർഷിപ്പ് തുക ലഭിക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് പരാതിപ്പെടാൻ മൂന്നാർ സ്വദേശി തീരുമാനിച്ചത്. തൊടുപുഴയിൽ കാണാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയും പണം കൈമാറുന്നതിനിടയിൽ വിജിലൻസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ പൊലീസ് സൂപ്രണ്ട് വി ജി വിനോദ്കുമാറിന്റെ നിർദ്ദേശപ്രകാരം ഇടുക്കി യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വി ആർ രവികുമാറിന്റെ നേതൃത്വത്തിൽ പൊലീസ് ഇൻസ്പെക്ടർമാരായ റെജി എം കുന്നിപ്പറമ്പൻ, ജയകുമാർ എസ്, മഹേഷ് പിള്ള ബി, ഫിറോസ് എ, വിനോദ് സി, എസ്ഐമാരായ സന്തോഷ് കെ എൻ, ഷാജി കെ എൻ, എഎസ്ഐമാരായ സ്റ്റാൻലി തോമസ്, ഷാജികുമാർ വി കെ, ബിജു വർഗ്ഗീസ്, സഞ്ജയ് കെ ജി, ബേസിൽ പി ഐസക് എസ്‍സിപിഒമാരായ സനൽ ചക്രപാണി, സന്ദീപ് ദത്തൻ എന്നിവർ അടങ്ങിയ സംഘമാണ്  ക്ലർക്കിനെ അറസ്റ്റ് ചെയ്തത്. 

PREV
Read more Articles on
click me!

Recommended Stories

'അടുത്ത തെരഞ്ഞെടുപ്പ് വരെ അവിടെ കിടക്കില്ല ഈ ചുവരെഴുത്തുകൾ', മാതൃകയായി ഈ സ്ഥാനാർത്ഥികൾ
സുഹൃത്തുക്കള്‍ക്കൊപ്പം പെരിയാറിൽ കുളിക്കുന്നതിനിടെ ബാങ്ക് ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചു