
ആലപ്പുഴ: ജുഡിഷ്യറിയെയും ചില കാര്യങ്ങളിൽ സ്ഥാപിത താത്പര്യം ബാധിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. അനധികൃതമായി ബാറുകൾ അനുവദിച്ചതിൽ താൻ നൽകിയ കേസ് 47 തവണ മാറ്റിയത് ചൂണ്ടികാട്ടിയാണ് കെ പി സി സി മുൻ അധ്യക്ഷന്‍റെ വിമർശനം. ന്യായാധിപൻമാർ പലരും മാറിയിട്ടും കേസിൽ തീരുമാനമായില്ലെന്നും ഏറ്റവും ഒടുവിൽ പുതിയ പെറ്റീഷൻ ഫയൽ ചെയ്യാൻ നിർദേശിച്ചതായും വി എം സുധീരൻ പറഞ്ഞു.
ജനങ്ങൾക്ക് ന്യായധിപന്മാരിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ പോകാൻ ഉള്ള ഇടമാണ് ജൂഡിഷ്യറി. പക്ഷേ ഇവിടെയും വേഗത്തിൽ നടപടി ഉണ്ടാകുന്നില്ലെന്ന് സുധീരൻ വിമർശിച്ചു. നടപടികൾ വൈകിപ്പിക്കുകയാണ്. ജുഡീഷ്യറിയുടെ ഭാഗത്ത് നിന്ന് അനുഗ്രഹീത തീരുമാനം ഉണ്ടാകുന്നില്ലെന്നും സുധീരൻ കൂട്ടിച്ചേർത്തു. തോട്ടപ്പള്ളിയിലെ കരിമണൽ ഖനന വിരുദ്ധസമരം നാലാം വാർഷികാചരണ പരിപാടിയിൽ സംസാരിക്കവെയായിരുന്നു സുധീരൻ ഇക്കാര്യങ്ങൾ പറഞ്ഞത്.