
നീണ്ടൂർ: കോട്ടയം നീണ്ടൂരില്‍ വിത്ത് വിതച്ചിരുന്ന പാടത്തേക്ക് സെപ്റ്റിക് മാലിന്യം തളളിയ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കര്‍ഷകര്‍. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കൊയ്ത് കൂട്ടിയിട്ട നെല്ലിന് മുകളിലേക്ക് സെപ്റ്റിക് മാലിന്യം തളളിയ അതേ പാടശേഖരത്തിലാണ് വീണ്ടും സമാനമായ ക്രൂരത. സിസിടിവിയുടെ കണ്ണ് വെട്ടിച്ചായിരുന്നു ഇരുളിന്‍റെ മറവിലെ തോന്ന്യാസം.
നീണ്ടൂര്‍ പഞ്ചായത്തിന്‍റെ പതിനഞ്ചാം വാര്‍ഡിലെ വിശാലമായ പാടശേഖരം. പ്രധാന റോഡിന്‍റെ ഇരുവശവും നിറയെ കൃഷിയുളള പാടമാണ്. ഇവിടെ വിത്തു വിതച്ചിട്ടിരുന്ന വെളളിക്കണ്ണി പാടത്തേക്കാണ് തിങ്കളാഴ്ച ടാങ്കറില്‍ കൊണ്ടു വന്ന കക്കൂസ് മാലിന്യം തളളിയത്. മണ്ണെണ്ണ കലര്‍ത്തിയ കക്കൂസ് മാലിന്യം തളളിയതോടെ വിതച്ച വിത്തത്രയും നശിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇതേ പാടശേഖരത്തിലാണ് കൊയ്തു കൂട്ടിയിട്ടിരുന്ന നെല്ലിലേക്ക് ടാങ്കറില്‍ കൊണ്ടു വന്ന കക്കൂസ് മാലിന്യം തളളിയത്.
അന്ന് പഞ്ചായത്ത് പാടശേഖരത്തിന് സമീപത്ത് സിസിടിവി ക്യാമറ വച്ചിരുന്നു. എന്നാല്‍ ക്യാമറയുടെ കാഴ്ചയെത്താത്ത സ്ഥലത്താണ് ഇക്കുറി മാലിന്യം തളളിയത്. പുതിയ സാഹചര്യത്തില്‍ മേഖലയിലാകെ കൂടുതല്‍ ക്യാമറകള്‍ വയ്ക്കാനാണ് പഞ്ചായത്തിന്‍റെ തീരുമാനം. മാലിന്യം തളളിയ വാഹനത്തിന്‍റേതെന്ന് സംശയിക്കുന്ന ഒരു ചിത്രം നാട്ടുകാരിലൊരാള്‍ പകര്‍ത്തിയിരുന്നു. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam